ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ഉപയോഗിക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ആഹാരമായും മറ്റു വസ്തുക്കളുമായും മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ലക്‌നൗവിലെ വികസന അതോറിറ്റി കണ്ടെത്തിയ മാര്‍ഗ്ഗം മാതൃകാപരമാണ്.
ഡംപിംഗ് യാര്‍ഡാക്കി ഉപയോഗിച്ചുകൊണ്ടിരുന്ന 12 ഏക്കര്‍ സ്ഥലം മനോഹരമായ ഗ്രീന്‍പാര്‍ക്കാക്കി മാറ്റി ഈ പ്രശ്‌നത്തെ മനോഹരമായി നേരിട്ടിരിക്കുകയാണ് ലക്‌നൗ വികസന അതോറിട്ടി. ലഖ്നൗവിലെ ഐഐഎം റോഡിലെ വസന്ത് കുഞ്ചില്‍ പരന്നുകിടക്കുന്ന ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം 1,00,000 വ്യത്യസ്ത സസ്യങ്ങളുള്ള ഒരു ഗ്രീന്‍ പാര്‍ക്കാക്കി ഇവര്‍ വികസിപ്പിച്ച് എടുത്തു.
ഏകദേശം 375 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ‘രാഷ്ട്രീയ പ്രേരണ പാര്‍ക്ക്’ ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി ആണ് വികസിപ്പിക്കുന്നത്. രസകരമെന്നു പറയട്ടെ, പദ്ധതി 2024 ഫെബ്രുവരിയില്‍ ആരംഭിച്ച് 2 മാസത്തിനുള്ളില്‍ മാര്‍ച്ച് അവസാന വാരത്തില്‍ അവസാനിച്ചു.
മാലിന്യവുമായി ബന്ധപ്പെട്ട് സ്ഥിരമായി പരാതികള്‍ വരുന്നതിനാല്‍ ആളുകള്‍ക്ക് നടക്കാനും പച്ചപ്പില്‍ കുറച്ച് സമയം ചെലവഴിക്കാനും കഴിയുന്ന ഗ്രീന്‍ സോണാക്കി മാറ്റാന്‍ വകുപ്പ് മുന്‍കൈയ്യെടുക്കുകയായിരുന്നു. മാങ്ങ, ലിച്ചി, ആപ്പിള്‍, പേര, പ്ലം, ചന്ദനം, രുദ്രാക്ഷം, പുത്രഞ്ജീവ, പീപ്പല്‍, റോസാപ്പൂവ്, പില്‍ഖാന്‍ തുടങ്ങി നിരവധി മരങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുകയാണ്.
വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ സ്പ്രിംഗളറുകളുടെ സഹായത്തോടെ ഞങ്ങള്‍ ഈ ചെടികള്‍ക്ക് വെള്ളം നല്‍കുന്നു. കൂടാതെ, ആളുകള്‍ക്ക് നടക്കാന്‍ ഒരു ഗ്രീന്‍ ട്രാക്കും ഉണ്ടാക്കിയിട്ടുണ്ട്. ഭാവിയില്‍ പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനിരിക്കുകയാണ്.
അടുത്ത ആറ് മാസത്തിനുള്ളില്‍, കുട്ടികള്‍ക്കായി ഒരു കഫറ്റീരിയ, ഹട്ടുകള്‍, വിവിധ സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങള്‍ എന്നിവയ്ക്കൊപ്പം വിനോദ പരിപാടികളും ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പാര്‍ക്കിനെ വസന്ത് കുഞ്ചിലെ രാഷ്ട്രീയ പ്രേരണ സ്ഥലുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.