സമാധാനപരമായി ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും റെസ്റ്ററന്റുകളിൽ എത്തുന്നത്. അത്തരത്തിൽ ആളുകൾ ശാന്തമായി അത്താഴം കഴിച്ചികൊണ്ടിരുന്ന ഒരു റെസ്റ്ററന്റ് നിമിഷ നേരങ്ങൾക്കുള്ളിൽ ഒരു ആക്ഷൻ സിനിമാ രംഗമായി മാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോഷ്ടിക്കാനായി രണ്ട് യുവാക്കൾ റെസ്റ്ററന്റിൽ പ്രവേശിക്കുന്നതും തുടർന്ന് നടന്ന സംഭവം വികാസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ഇതിനകം 10 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ കണ്ട് പലരും കണ്ണുതള്ളിയിരിക്കുകയാണ്.
വൈറലായ വീഡിയോയുടെ തുടക്കത്തിൽ ഹെൽമെറ്റ് ധരിച്ച രണ്ട് അക്രമികൾ റെസ്റ്റോറന്റിലേക്ക് കയറുന്നതും അവിടെ ഇരിക്കുന്ന ആളുകൾക്ക് ചുറ്റും കറങ്ങുന്നതുമാണ് കാണുന്നത്. തുടർന്ന് കുറച്ചു ആളുകളോട് ആക്രമികൾ തർക്കിക്കാൻ ശ്രമിക്കുന്നു. എന്നാൽ നിമിഷ നേരങ്ങൾക്കുള്ളിൽ അക്രമികളുടെ ഉദ്ദേശ്യം ആളുകൾ മനസ്സിലാക്കുന്നു. ഈ സമയം ഒരു അക്രമി ടേബിളിൽ ഇരിക്കുന്ന ഒരാളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുമ്പോൾ മറ്റേ അക്രമി തർക്കം തുടരുന്നു. ഉടൻ തന്നെ ടേബിളിൽ ഇരുന്ന ഒരു കൂട്ടം പുരുഷന്മാർ ചാടി എഴുന്നേൽക്കുകയും രണ്ട് അക്രമികളെയും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.
https://twitter.com/SteveInmanUIC/status/1918949281899192380
ഇത് കണ്ട് മറ്റ് ടേബിളുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർ അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പുരുഷന്മാർക്കൊപ്പം ചേരുകയും കള്ളന്മാരെ പൊതിരെ തല്ലുകയും ചെയ്യുന്നു. ഒടുവിൽ കള്ളന്മാർ അടികൊണ്ട് അവശരാകുന്നതും വീഡിയോയിൽ കാണാം. ഏതായാലും കള്ളന്മാർ മോഷ്ടിക്കാൻ തിരഞ്ഞെടുത്ത ആളുകൾ മാറിപ്പോയി എന്നാണ് പലരും വീഡിയോ കണ്ട് രസകരമായി കുറിച്ചത്.