Featured Oddly News

20 വര്‍ഷമായി നീലമ്മ താമസിക്കുന്നത് ശ്മശാനത്തില്‍ ; ശവക്കുഴിയെടുത്ത് ഉപജീവനം

കണ്ടിട്ടില്ലെങ്കിലും ആത്മാക്കളിലും പ്രേതങ്ങളിലും വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സെമിത്തേരികളും കല്ലറകളുമെല്ലാം ഭയവും അസ്വസ്ഥതയും ഉളവാക്കുന്നു. എന്നാല്‍ മൈസൂരിലെ നീലമ്മയ്ക്ക് 20 വര്‍ഷമായി അവളുടെ വീടും ജോലിസ്ഥലവുമൊക്കെ ശ്മശാനമാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ സെമിത്തേരിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.

മൈസൂരിലെ വിദ്യാരണ്യപുരത്ത് സ്ഥിതി ചെയ്യുന്ന ലിംഗായത്ത് സെമിത്തേരിയിലാണ് നീലമ്മ താമസിക്കുന്നത്. ശവക്കുഴി എടുക്കുക, മരിച്ചയാളുടെ അന്ത്യകര്‍മങ്ങളില്‍ സഹായിക്കുക തുടങ്ങിയ പുരുഷന്മാര്‍ സാധാരണയായി നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ രണ്ടു പതിറ്റാണ്ടായി ഇവിടെ നീലമ്മ ചെയ്തു വരുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ അവളുടെ ജീവിതം വഴിതിരിഞ്ഞുപോയതോടെയാണ് സെമിത്തേരിയില്‍ താമസിക്കാനും അതിന്റെ പരിപാലനത്തിനായി സ്വയം സമര്‍പ്പിക്കാനും അവര്‍ തീരുമാനിച്ചത്. ശവക്കുഴികള്‍ വൃത്തിയാക്കുന്ന ജോലിയും ഇവര്‍ ചെയ്യാറുണ്ട്. ഈ ശുചീകരണ പ്രവര്‍ത്തനം അവള്‍ക്ക് ശാരീരികം മാത്രമല്ല, വൈകാരികവും ആത്മീയവുമായ പ്രവര്‍ത്തിയാണ്.

അഞ്ച് ഏക്കര്‍ ശ്മശാനം അവളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ്. തന്റെ സേവനങ്ങള്‍ക്ക് നീലമ്മ പ്രത്യേകിച്ച് പണം ആവശ്യപ്പെടുന്നില്ല. പകരം അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വരുന്നവര്‍ നല്‍കുന്നതെന്തും അവള്‍ സ്വീകരിക്കുന്നു. ”2005ല്‍ ഞാന്‍ പണി തുടങ്ങുമ്പോള്‍ ഒരു ശവക്കുഴി കുഴിക്കാന്‍ 200 രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു കുഴിമാടത്തിന് 1000 രൂപ കിട്ടും”. ഒരു ശവക്കുഴി കുഴിക്കാന്‍ മൂന്ന് മണിക്കൂറോളം സമയമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രേതങ്ങളെയും ആത്മാക്കളെയും പേടിയില്ലേ എന്ന് ചോദ്യത്തിന് നീലമ്മയുടെ മറുപടി അല്‍പ്പം ചിന്താപരമാണ്. ഈ ചോദ്യത്തിന് രസകരമായ മറുപടിയാണ് നീലമ്മ നല്‍കിയത്. ”മരിച്ചവരെക്കാള്‍ ഭയപ്പെടേണ്ടത് ജീവിച്ചിരിക്കുന്നവരെയാണ്”