Featured Lifestyle

ഈ ഇറ്റാലിയന്‍ ഗ്രാമത്തിലേയ്ക്ക് മാറിയാല്‍ സൗജന്യ വീടും 92 ലക്ഷം രൂപയും കിട്ടും, യോഗ്യത ഇതാണ്

വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ആളുകള്‍ കുടിയൊഴിഞ്ഞ് പോകുമ്പോള്‍ ഗോസ്റ്റ് ടാണുകളും ഗോസ്റ്റ് വില്ലേജുകളും രൂപപ്പെടുന്നത് ലോകത്തെങ്ങും സമസ്യയാണ്. ഇത്തരത്തിലുള്ള കുടിയിറക്കങ്ങളെ പ്രതിരോധിക്കുന്നതിനായി പല രാജ്യങ്ങളും ഉദാരമായ പാര്‍പ്പിട നയങ്ങളും രൂപികരിക്കുന്നു.

ഇറ്റലി കൊണ്ട് വന്ന 1 യൂറോ വീടുകള്‍ അങ്ങനെ ലോകത്തില്‍ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ വടക്കന്‍ ഇറ്റലിയിലെ ട്രെന്റിനോ എന്ന ഗ്രാമം സമാനമായ ഒരു പാര്‍പ്പിട പദ്ധതിയുമായി എത്തിയിരിക്കുകയാണ്.

ആല്‍പ്‌സ് പര്‍വതനിരകളുടെയും ഇറ്റാലിയന്‍ ഗ്രാമങ്ങളുടെയും മനോഹരിത ആസ്വദിച്ച് ജീവിക്കാനായി സൗജന്യമായി ഒരു വീടും ഒപ്പം ഒരു ലക്ഷം യൂറോയും (92 ലക്ഷം രൂപ) ലഭിച്ചാലോ. വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ. പക്ഷെ കാര്യം സത്യമാണ്. ഈ ഓഫര്‍ നിലവില്‍ ഇറ്റലിയിലെ താമസക്കാര്‍ക്കും വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇറ്റലിക്കാര്‍ക്കും മാത്രമാണ്.

വളരെ നല്ല ഭൂപ്രകൃതിയുള്ള സ്ഥലമാണ് ട്രെന്റിനോയിലെ ആല്‍പൈന്‍ ഗ്രാമം. എന്നാല്‍ കുടിയിറക്കം പല ഗ്രാമങ്ങളുടെയും നിലനില്‍പ്പ് ഭീഷണിയിലാക്കുന്നു. കുടുംബങ്ങളിലുള്ള പുതിയ തലമുറ നഗരങ്ങളിലേക്ക് കുടിയേറിയതിന് പിന്നാലെ പല ഗ്രാമങ്ങളും ആളൊഴിഞ്ഞ രീതിയിലാണ്. ജനസംഖ്യ കുറയുന്നതിനുള്ള പ്രശ്‌നപരിഹാരമായിയാണ് ഭരണകൂടം ഈ ആശയം മുന്നോട്ട് വെക്കുന്നത്.

വീടിന്റെ നവീകരണത്തിനായി 87000 യൂറോയും വീട് വാങ്ങുന്നവര്‍ക്ക് 20000 യൂറോയും പ്രതിഫലമായി ലഭിക്കും. ഈ ഓഫര്‍ സ്വീകരിക്കുന്ന വ്യക്തി കുറഞ്ഞത് 10 വര്‍ഷമെങ്കിലും അവിടെ താമസിക്കണം. അല്ലെങ്കില്‍ ആ കാലയളവില്‍ ഒരു വാടകകാരന് വീട് വാടകയ്ക്ക് നല്‍കണം. അല്ലാത്ത പക്ഷം തുക തിരികെ നല്‍കണം.

ചില സ്ഥലങ്ങളില്‍ ജനസംഖ്യ കുറഞ്ഞത് കാരണം പല ആവശ്യസേവനങ്ങളും ഇല്ലാതെയായിരിക്കുന്നു. സ്‌കൂളുകളും പലചരക്ക് കടകളും തുടങ്ങിയ പല സേവനങ്ങളും ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. 33 ഗ്രാമങ്ങളെയാണ് നവീകരണത്തിന് വേണ്ടി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ ജനതയെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവരുടെ ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പ്രാദേശിക നിര്‍മാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്ത 2 വര്‍ഷം 10 മില്ല്യണ്‍ യൂറോ നീക്കിവെച്ചിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും ഗുരുതരമായ ജനസംഖ്യാ തകർച്ചയാണ് ഇറ്റലി നേരിടുന്നത്. 2040 ആകുമ്പോഴേക്കും യൂറോപ്പില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളുടെ ജനസംഖ്യയിൽ ഏകദേശം 19 ശതമാനം കുറവ് ഉണ്ടാകുമെന്ന് സ്കോപ്പ് റേറ്റിംഗുകൾ പ്രവചിക്കുന്നു, ഇത് ജർമ്മനി (14 ശതമാനം), ഫ്രാൻസ് (രണ്ട് ശതമാനം) തുടങ്ങിയ രാജ്യങ്ങളിലെ കുറവിനേക്കാൾ കൂടുതലാണ്.

ദേശീയ സ്ഥിതിവിവരക്കണക്ക് ബ്യൂറോ ISTAT യുടെ റിപ്പോർട്ട് അനുസരിച്ച്, 2024 ൽ 100 ​​നും 104 നും ഇടയിൽ പ്രായമുള്ള ഇറ്റലിക്കാരുടെ എണ്ണം 22,000 ൽ അധികം ആയിരുന്നു, 2014 ൽ ഇത് 17,000 ൽ കൂടുതലായിരുന്നു.

ജനസംഖ്യ ക്രമേണ വാർദ്ധക്യം പ്രാപിക്കുന്നത് ഇറ്റലിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അവിടെ ജനനനിരക്ക് യൂറോപ്പിലെ ഏറ്റവും താഴ്ന്നതാണ്, പെൻഷനുകൾക്കും ആരോഗ്യ സംരക്ഷണത്തിനുമുള്ള വലിയ ചെലവ് കാരണം രാജ്യത്തിന്റെ സമ്പത്ത്വ്യവസ്ഥയിലും കനത്ത സ്വാധീനം ചെലുത്തുന്നു.