ദശാബ്ദങ്ങളായി തുടരുന്ന അതിവേഗ നഗരവൽക്കരണവും വ്യാവസായികവൽക്കരണവും നടന്നിട്ടും, ഇന്ത്യ ഇപ്പോഴും ഒരു ഗ്രാമീണ/ കാർഷിക സമ്പദ്വ്യവസ്ഥയായിലാണ് തുടരുന്നത്. രാജ്യത്ത് മൊത്തം ഏകദേശം 6,64,369 ഗ്രാമങ്ങളുണ്ട്, എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം ഇന്ത്യയിലാണെന്ന് നിങ്ങൾക്കറിയാമോ?
അതുമാത്രമല്ല ഈ ഗ്രാമത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്- ഈ ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും കുറഞ്ഞത് ഒരാളെങ്കിലും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. ഈ ഗ്രാമം ‘സൈനികരുടെ ഗ്രാമം’ എന്നും അറിയപ്പെടുന്നു. ഈ ശ്രദ്ധേയമായ ഗ്രാമത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.
എവിടെയാണ് ഈ ഗ്രാമം?
ഉത്തർപ്രദേശിലെ ഗാസിപ്പൂർ ജില്ലയിലെ ഗഹ്മർ ഗ്രാമം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ഗ്രാമം എന്നറിയപ്പെടുന്നു. ഗാസിപ്പൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായി, ഗംഗാ നദിയുടെ തീരത്ത്, പട്നയ്ക്കും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷനും ഇടയിലുള്ള റെയിൽവേ പാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഏകദേശം 8 ചതുരശ്ര മൈൽ (ഏകദേശം 20-22 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമമാണ്. വലിയ ജനസംഖ്യക്കും സൈനിക പാരമ്പര്യത്തിനും പേരുകേട്ട ഗഹ്മർ ഗ്രാമം 22 തോളകളായി തിരിച്ചിട്ടുണ്ട്, ഇതിൽ ഓരോന്നിനും ഓരോ പ്രശസ്തനായ വ്യക്തിയുടെയോ സൈനികന്റെയോ പേരാണ് നൽകിയിരിക്കുന്നത്.
ഗഹ്മർ ഗ്രാമത്തിലെ ജനസംഖ്യ ?
വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഗഹ്മർ ഗ്രാമത്തിലെ ജനസംഖ്യ 1.20 ലക്ഷത്തിനും 1.50 ലക്ഷത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ജോലിയുടെയും പഠനത്തിന്റെയും മറ്റും ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന ആളുകളെ കൂടി കണക്കിലെടുക്കുമ്പോൾ ഈ കണക്ക് ഏകദേശം 2 ലക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ ജനസാന്ദ്രത കുറവായതിനാൽ ഒരു ഗ്രാമത്തിന് ഇത്രയധികം ജനസംഖ്യയുണ്ടാവുക എന്നത് അസാധാരണമാണ്. ഗ്രാമത്തിൽ ഏകദേശം 25,000 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ട്. ഗ്രാമത്തിലെ ജനസംഖ്യയുടെ ഏകദേശം 60% വരുന്ന രജ്പുത് സമുദായത്തിനാണ് ഇവിടെ മുൻതൂക്കം. യാദവ്, വർമ്മ, ബ്രാഹ്മണർ, മറ്റ് സമുദായങ്ങൾ എന്നിവരും ഗ്രാമത്തിൽ താമസിക്കുന്നു.
എന്തുകൊണ്ടാണ് ഗഹ്മർ ‘സൈനികരുടെ ഗ്രാമം’ എന്ന് അറിയപ്പെടുന്നത്?
ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമമായതിന് പുറമേ, അതിന്റെ വലിയ സൈനിക പാരമ്പര്യത്തിനും ഗഹ്മർ അറിയപ്പെടുന്നു. ഈ വലിയ ഗ്രാമത്തിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാളെങ്കിലും ഇന്ത്യൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരോ സേവനമനുഷ്ഠിച്ചവരോ ആണ്. റിപ്പോർട്ടുകൾ പ്രകാരം, ഗഹ്മർ ഗ്രാമത്തിൽ ഏകദേശം 15,000 വിമുക്തഭടന്മാരുണ്ട്, അതേസമയം ഏകദേശം 12,000 പേർ നിലവിൽ ഇന്ത്യൻ സൈന്യത്തിലോ അർദ്ധസൈനിക വിഭാഗങ്ങളിലോ സൈനികൻ മുതൽ കേണൽ വരെയുള്ള തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നു.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾക്ക് മൂന്ന് തലമുറകളായി ഇന്ത്യൻ സൈന്യവുമായി ബന്ധമുണ്ട്. ഗംഗാ നദിയുടെ തീരത്തുള്ള മതിയ മൈതാനത്ത് രാവിലെയും വൈകുന്നേരവും 1600 മീറ്റർ ട്രാക്കിൽ സൈനിക റിക്രൂട്ട്മെന്റിനായി യുവ പുരുഷന്മാർ തയ്യാറെടുക്കുന്നത് കാണാം.




