Good News

10 റോള്‍സ്‌റോയ്‌സ് വാങ്ങി മാലിന്യം നീക്കാന്‍ ഉപയോഗിച്ച് ബ്രിട്ടനെ ഞെട്ടിച്ച ഇന്ത്യന്‍ രാജാവ്; അപമാനത്തിന് അഭിമാനിയുടെ മറുപടി

ഇന്ത്യന്‍ ചരിത്രം മാന്യതയുടെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ കാര്യങ്ങളാല്‍ നിറഞ്ഞതാണ്. റോള്‍സ്‌റോയ്‌സ് കാറുകള്‍ എന്നാല്‍ ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കുന്ന അനേകരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ കാര്‍കമ്പനിയോട് പ്രതികാരം തീര്‍ക്കുന്നതിനായി കമ്പനിയുടെ പത്തുകാറുകള്‍ വാങ്ങുകയും അത് മാലിന്യം കൊണ്ടുപോകന്‍ മാത്രം ഉപയോഗിക്കുകയും ചെയ്ത ഒരു രാജാവുണ്ട്.

അല്‍വാറിലെ മുന്‍ രാജാവ് മഹാരാജ ജയ് സിംഗാണ് ഈ ഉരുളയ്ക്കുപ്പേരി നല്‍കിയ ഇന്ത്യന്‍ രാജാവ്. ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ രാജാവ് റോള്‍സ് റോയ്‌സിന്റ കാര്‍ഷോറൂം സന്ദര്‍ശിച്ചപ്പോള്‍ കാര്‍ കമ്പനിയുടെ ഷോറൂമില്‍ നിന്നും ഉണ്ടായ അനുഭവം മികച്ചതായിരുന്നില്ല. അദ്ദേഹം അതിന് നല്‍കിയ മറുപടിയാണ് കാറുകള്‍ വാങ്ങിക്കൂട്ടി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിച്ചത്.

1910കളുടെ തുടക്കത്തില്‍, മഹാരാജ ജയ് സിംഗ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. ആഡംബര കാറുകളോട്, പ്രത്യേകിച്ച് റോള്‍സ് റോയ്സ് നിര്‍മ്മിച്ചവയോട് അദ്ദേഹത്തിന് ഒരു കൗതുകം ഉണ്ടായി. കാറുകളുടെ ഷോറൂമില്‍ ഒരു സന്ദര്‍ശനവേളയില്‍, രാജാവിന്റ വസ്ത്രധാരണം കണ്ട് ഒരു സാധാരണ ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കുകയും ജീവനക്കാര്‍ അപമാനിക്കുകയും ചെയ്തു.

ആവേശത്തോടെ പ്രതികരിക്കുന്നതിനുപകരം, മഹാരാജ ജയ് സിംഗ് തന്റെ സംയമനം പാലിച്ചു. അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങി, രാജകീയ വസ്ത്രം ധരിച്ച ശേഷം പത്തു കാറുകള്‍ വാങ്ങാനുള്ള താല്‍പ്പര്യം ഷോറൂമിനെ അറിയിച്ചു. ഇത്തവണ ഷോറൂമിലെ ജീവനക്കാര്‍ ഞെട്ടി. വിവരമറിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. അല്‍വാറിലേക്ക് മടങ്ങിയെത്തിയപ്പോള്‍, ആഡംബര കാറുകള്‍ മഹാരാജ ജയ് സിംഗ് അവയെ മാലിന്യ ട്രക്കുകളായി നിയമിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചു.

അല്‍വാറിലെ തെരുവുകളില്‍ റോള്‍സ് റോയ്സ് കാറുകള്‍ മാലിന്യം ശേഖരിക്കുന്ന കാഴ്ച ബ്രിട്ടീഷ് സമൂഹത്തെ ഞെട്ടിച്ചുകളഞ്ഞു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയെങ്കിലും, റോള്‍സ് റോയ്സിന് ഒരു പാഠം പകരാന്‍ ലക്ഷ്യമിട്ട് മഹാരാജ ജയ് സിംഗ് തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അവസാനം, റോള്‍സ് റോയ്സ് കമ്പനിയുടെ പ്രതിനിധികള്‍ ഇന്ത്യയിലേക്ക് പോയി, നേരിട്ട് ക്ഷമാപണം നടത്തി. മാലിന്യ ട്രക്കുകള്‍ക്ക് പകരം പുതിയ കാറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം സ്വീകരിച്ചില്ല.