ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരാളുടെ സാലറി എത്ര രൂപയായിരിക്കും? എന്തായാലും ക്വാണ്ടംസ്‌കേപ്പിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ജഗ്ദീപ് സിംഗ് വാങ്ങിയതിനോളം വരില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി ആഗോളതലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സിംഗ് 17,500 കോടി രൂപയാണ് വാര്‍ഷിക ശമ്പളം നേടിയത്. ഒരു ദിവസം ഏകദേശം 48 കോടി രൂപ.
ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററി സാങ്കേതികവിദ്യയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ജഗ്ദീപ് സിംഗ്, 2010-ലാണ് ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്. അടുത്ത തലമുറ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളില്‍ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്, ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ചാര്‍ജിംഗ് സമയം കുറയ്ക്കുന്നതിലൂടെ ഇവി പ്രകടനത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ക്വാണ്ടംസ്‌കേപ്പ്. സിങ്ങിന്റെ ദീര്‍ഘവീക്ഷണം കമ്പനിയെ പ്രശസ്തിയിലേക്ക് നയിച്ചു. ഇപ്പോള്‍ ഫോക്സ്വാഗണും ബില്‍ ഗേറ്റ്സിനും നിക്ഷേപമുണ്ട്.
ക്വാണ്ടം സ്ഥാപിക്കുന്നതിന് മുമ്പ്, സിംഗ് തന്റെ വ്യവസായ പരിചയം വിപുലമാക്കാനുള്ള ശ്രമം നടത്തി. ഭാവി സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിച്ചുകൊണ്ട് ഒന്നിലധികം കമ്പനികളില്‍ പ്രധാന റോളുകളില്‍ ഒരു ദശാബ്ദത്തിലേറെ അദ്ദേഹം ചെലവഴിച്ചു . സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.ടെക്കും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.എയും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പശ്ചാത്തലം അദ്ദേഹത്തിന്റെ യാത്രയെ കൂടുതല്‍ ശക്തിപ്പെടുത്തി.
ഏകദേശം 2.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടുന്ന സിംഗിന്റെ അസാധാരണമായ ശമ്പള പാക്കേജ്, ക്വാണ്ടംസ്‌കേപ്പിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് അടിവരയിടുന്നു. ഈ വരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമല്ല, ആധുനിക ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കമ്പനിയുടെ നിര്‍ണായക പങ്കിനെയും പ്രതിഫലിപ്പിക്കുന്നു. 2024 ഫെബ്രുവരി 16-ന്, സിംഗ് ക്വാണ്ടംസ്‌കേപ്പിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു.