വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി.
സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96’ (2018) എന്ന സിനിമ പരസ്പരം സ്നേഹിച്ചിട്ടും ഒരുമിച്ചു ജീവിക്കാന്‍ കഴിയാതിരുന്ന റാമും ജാനുവും എന്ന രണ്ടുപേരെക്കുറിച്ചായിരുന്നു. വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വന്‍ ഹിറ്റായി മാറി. അടുത്തിടെ രസകരമായ ഒരു കാര്യം സംവിധായകന്‍ പങ്കുവെച്ചിരുന്നു. ’96’ ആദ്യം എഴുതിയത് ഒരു ഹിന്ദി സിനിമയായാണ്, അഭിഷേക് ബച്ചന്‍ നായകനായി അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തെ എങ്ങനെ ബന്ധപ്പെടണമെന്ന് എനിക്കറിയില്ല’ – അദ്ദേഹം പറഞ്ഞു.
18 കോടി മുതല്‍ മുടക്കിലാണ് 96 എന്ന ചിത്രം നിര്‍മ്മിച്ചത്, പക്ഷേ അത് വന്‍ ഹിറ്റായി മാറുകയും 50 കോടിയിലധികം നേടുകയും ചെയ്തു!. ചിത്രം ജനപ്രീതി നേടിയതിനാല്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 2019 -ല്‍ പ്രീതം ഗുബ്ബി ഈ സിനിമ കന്നഡയില്‍ ’99’ ആയി നിര്‍മ്മിച്ചു. 2020ല്‍ സംവിധായകന്‍ സി പ്രേം കുമാര്‍ തെലുങ്കില്‍ ജാനു എന്ന പേരില്‍ ഈ സിനിമ റീമേക്ക് ചെയ്തു.