Crime

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് റോഡ് തടഞ്ഞ് പ്രതിഷേധം ; 77 കാരന്‍ രണ്ടു സമരക്കാരെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: പ്രതിഷേധവുമായി റോഡ് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരെ വിരമിച്ച അഭിഭാഷകന്‍ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പനാമ സിറ്റിയുടെ പടിഞ്ഞാറ് ചാം ഏരിയയില്‍ നടന്ന പ്രകടനത്തിനിടെ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അധ്യാപകരായ അബ്ദിയേല്‍ ഡിയാസ്, ഇവാന്‍ റോഡ്രിഗസ് എന്നിവര്‍ക്കാണ് വെടിയേറ്റത്. 77 കാരനായ കെന്നത്ത് ഡാര്‍ലിംഗ്ടണാണ് പ്രതി.

‘ഇത് ഇവിടെ അവസാനിപ്പിക്കുന്നു’ എന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാരുടെ അരികിലേക്ക് നടന്നടുക്കുന്നതും അവരുമായി ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാന്‍-അമേരിക്കന്‍ ഹൈവേയില്‍ നടന്ന സംഭവം പ്രതിഷേധം കവര്‍ ചെയ്യുന്ന നിരവധി മാധ്യമ ഫോട്ടോഗ്രാഫര്‍മാരും ടെലിവിഷന്‍ ക്യാമറാമാന്‍മാരും പകര്‍ത്തുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ അബ്ദിയേല്‍ ഡിയാസിന് ജീവന്‍ നഷ്ടമായി. എന്നാല്‍ 62 കാരന്‍ ഇവാന്‍ റോഡ്രിഗസിനെ സാന്‍ കാര്‍ലോസിലെ ജുവാന്‍ വേഗ മെന്‍ഡെസ് ക്ലിനിക്കില്‍ എത്തിച്ചെങ്കിലും എത്തിയപ്പോഴേക്കും മരിച്ചു. ഡാര്‍ലിംഗ്ടണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡാര്‍ലിംഗ്ടണ്‍ ഉപരോധത്തിലേക്ക് അടുക്കുന്നതും പ്രകടനക്കാരോട് വിയോജിച്ച് വിരല്‍ വീശുന്നതും വെടിവയ്ക്കാന്‍ തീരുമാനിക്കുന്നതും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ചാം ഏരിയയിലെ തെരുവില്‍ നിര്‍ജീവമായ ശരീരങ്ങള്‍ക്ക് ചുറ്റും വ്യക്തികള്‍ ഒത്തുകൂടി നില്‍ക്കുന്നതും ഫൂട്ടേജിലുണ്ട്. ഡാര്‍ലിംഗ്ടണിന്റെ പ്രായം കാരണം ജയില്‍വാസം ഒഴിവാക്കിയേക്കാമെന്നും വീട്ടുതടങ്കലില്‍ വയ്ക്കാന്‍ സാധ്യതയുണ്ടെന്നും സംശയിക്കുന്നു.

കാനഡ ആസ്ഥാനമായുള്ള ഫസ്റ്റ് ക്വാണ്ടം മിനറല്‍സിന് 20 വര്‍ഷത്തേക്ക് കൂടി ഈ മേഖലയിലെ ഏറ്റവും വലിയ ഖനി പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം നല്‍കുന്ന സുപ്രധാന ഖനന കരാറുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധത്തിന്റെ മൂന്നാമത്തെ ആഴ്ചയാണ് സംഭവം.