Oddly News

ഈ ബര്‍ഗറിന് പഴക്കം 30 കൊല്ലം; പൂപ്പല്‍ പിടിക്കാതെ, ദുര്‍ഗന്ധം വമിക്കാതെ ലോകത്തെ ഒരേയൊരു ‘ മക്‌ഫോസിലി’

ഒരു ദിവസം പഴക്കമുള്ള ഭക്ഷണം കഴിക്കാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹാം ബര്‍ഗറി നെ കുറിച്ച് കേട്ടിട്ടുണ്ടോ? ന്യൂയോര്‍ക്ക് പോസ്റ്റാണ് ഈ ബര്‍ഗറിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ഇത്ര പഴക്കം വന്നിട്ടും ഒട്ടും നശിച്ചിട്ടില്ലായെന്ന് മാത്രമല്ല കാണാനുള്ള ഉഷാറും കുറഞ്ഞട്ടില്ല.

ഈ ബര്‍ഗര്‍ വാങ്ങിയത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 1995ലാണ് കാസി ഡീനും എഡ്വാര്‍ഡ് നിറ്റ്‌സും ഈ ബര്‍ഗര്‍ വാങ്ങുന്നത്.’അന്ന് കൗമാരക്കാരായിരുന്ന ഞങ്ങള്‍ വളരെയേറെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ബാക്കിയായ ഇത് സൂക്ഷിക്കാമെന്ന് ഞങ്ങള്‍ വെറുതെ തീരുമാനിക്കുകയായിരുന്നു’; അവര്‍ പറഞ്ഞു. അങ്ങനെ കുറച്ച് നാള്‍ കൂടെ ഉണ്ടായതോടെ ബര്‍ഗറിന് ‘ദെയര്‍ മേറ്റ്’ (their mate) അവര്‍ പേരിട്ടു. എന്നാല്‍ 30 വര്‍ഷം പിന്നിടുമ്പേള്‍ ഇതിനെ ‘മക്‌ഫോസില്‍’ (McFossil) എന്നാണ് അവര്‍ വിളിക്കുന്നത്. ഈ ബര്‍ഗറില്‍ പൂപ്പല്‍ പിടിക്കുകയോ ഇതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറയുന്നു. ഇവര്‍ കരുതുന്നത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ മക്‌ഡൊണാള്‍ഡ് ബര്‍ഗറാണെന്നാണ്.

മുമ്പ് ഐസ്ലാന്‍ഡില്‍ നിന്ന് ബര്‍ഗര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഡീനും നിറ്റ്‌സും ഈ ബര്‍ഗറിനെ സൂക്ഷിച്ചത്. ടിമ്പറുകൊണ്ടും കാര്‍ഡ് ബോര്‍ഡുകൊണ്ടുമുണ്ടാക്കിയ ബോക്‌സില്‍ ലോക്ക് ചെയ്താണ് ബര്‍ഗര്‍ സൂക്ഷിക്കുന്നത്. വേനലില്‍ ഈ ബോക്‌സില്‍ 30 ഡിഗ്രിയില്‍ ഊഷ്മാവ് നിയന്ത്രിക്കും. ഇടയ്ക്ക് പരിശോധിക്കാന്‍ ചെല്ലുമ്പോഴാണ് അറിയുക, എലികളെല്ലാം പരിസരത്തെത്തിയുട്ടുണ്ടാകും. എന്നാല്‍ പ്ലാസ്റ്റിക് കവറും തുണിയുമെല്ലാം കടിച്ചുകീറുമെങ്കിലും അവയ്ക്ക് ബര്‍ഗറിനടുത്തെത്താനായിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ മേറ്റ് സേഫാണ് – എന്നാണ് ഇവരുടെ വാക്കുകള്‍.