ലോകഫുട്ബോളിലെ രാജാക്കന്മാരാണെങ്കിലും അടുത്തകാലത്തായി അര്‍ജന്റീനയ്ക്ക് ചാഴികടിയാണെന്ന് തോന്നുന്നു. എയ്ഞ്ചല്‍ ഡി മരിയ വിരമിച്ചതിന് പിന്നാലെ മെസ്സിയുടെ ബൂട്ടുകളിലും കനം തൂങ്ങുകയാണോ എന്നാണ് സംശയം. ലോകകപ്പ് യോഗത്യാറൗണ്ടിന്റെ മൂന്ന് ഏവേ മത്സരങ്ങളിലാണ് ചാംപ്യന്‍ടീമിന് മുട്ടുവിറച്ചത്. എതിരാളികളുടെ മൈതാനത്ത് ഗോളുകള്‍ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മെസ്സിയും സംഘവും. ഏറ്റവും പുതിയ മത്സരത്തില്‍ ദുര്‍ബലരായ പരാഗ്വേയോട് 2-1 നായിരുന്നു പരാജയപ്പെട്ടത്.
ലൗത്തേരോ മാര്‍ട്ടീനസിലൂടെ കളിയില്‍ ആദ്യം ഗോള്‍ കണ്ടെത്തിയിട്ടും പന്തു കൂടുതല്‍ സമയം കൈവശം വെച്ചിട്ടും കളി വിജയിപ്പിച്ചെടുക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 11-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് പാരഗ്വായ് ഗോള്‍കീപ്പറെ മറികടന്ന് ലൗട്ടാരോ മാര്‍ട്ടിനെസിന് നല്‍കിയ പാസില്‍ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ പരാഗ്വേ പെട്ടെന്ന് പ്രതികരിച്ചു. 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയുടെ ഉജ്ജ്വലമായ ബൈസിക്കിള്‍ കിക്ക് സ്‌കോര്‍ 1-1 ആക്കിയത് നീലപ്പടയെ അമ്പരപ്പിച്ചു.
ഇതോടെ ഉണര്‍ന്ന ആതിഥേയര്‍ ഇടവേളയ്ക്ക് തൊട്ടുപിന്നാലെ, ഒമര്‍ അല്‍ഡെറെറ്റെയുടെ ഒരു ഫ്രീകിക്കില്‍ നിന്ന് 2-1 ന് മുന്നിലെത്തി. മെസ്സിക്കും കൂട്ടര്‍ക്കും ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഒട്കോബര്‍ 11 ന് വെനസ്വേലയ്ക്ക് എതിരേയുള്ള മത്സരത്തിലും ചാംപ്യന്മാര്‍ക്ക് ജയം കണ്ടെത്താനായില്ല. വെനസ്വേലയില്‍ നടന്ന മത്സരത്തില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയുടെ ഗോളില്‍ 19 ാം മിനിറ്റില്‍ മുന്നിലെത്തിയ അര്‍ജന്റീന 65-ാം മിനിറ്റില്‍ സലോമോന്‍ റോന്‍ഡനിലൂടെ ഗോള്‍ വഴങ്ങി സമനിലയുമായി തലകുമ്പിട്ട് പോകുന്നത് കണ്ടു.
അതിന് തൊട്ടു മുമ്പ് സെപ്തംബറില്‍ അര്‍ജന്റീന കൊളംബിയയോട് അവരുടെ മൈതാനമായ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ 2-1 ന് തോറ്റു. യെര്‍സണ്‍ മൊസ്‌കേരയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയ കൊളംബിയയെ നിക്കോളാസ് ഗോണ്‍സാലസിലൂടെ പിടിച്ചുകെട്ടിയെങ്കിലും 60-ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയത് തിരിച്ചടിയായി. ജെയിംസ് റോഡ്രിഗ്രസ് വിജയം കൊണ്ടുപോയി.
അതിനിടയില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരോട് 2-0 ന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നവംബര്‍ 17 ന് നടന്ന മത്സരത്തില്‍ റൊണാള്‍ഡ് അരൗജുവിന്റെയും ഡാര്‍വിന്‍ നൂനസിന്റെയും ഗോളുകളിലായിരുന്നു തോല്‍വി. എതിരാളികളുടെ മടയില്‍ പോയി തോല്‍ക്കുന്നുണ്ടെങ്കിലും വിജയത്തിന് കുറവില്ലാത്തതിനാല്‍ പോയിന്റ് പട്ടികയില്‍ 30 പോയിന്റുകളുമായി അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.
