യാഷ് ചോപ്ര സിനിമകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. തന്റെ സിനിമകളിലൂടെ നിരവധി താരങ്ങളെ അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളാക്കി. അദ്ദേഹത്തിന്റെ സിനിമകളിലെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. എന്നാല്‍ ഒരു കാലത്തു അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഈ കാലത്ത് ബോളിവുഡ് താരം ശ്രീദേവി ആണ് യാഷ് ചോപ്രയുടെ സിനിമ കരിയറില്‍ രക്ഷകയായി എത്തുന്നത്.
യാഷ് ചോപ്ര ബാനറിലെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സിനിമകള്‍ പിന്നോട്ടു പോയിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ വലിയൊരു കടക്കെണിയില്‍ വരെ എത്തിച്ചു. എന്നാല്‍ ശ്രീദേവിയാണ് ഒരു മാലാഖയായി വന്ന് അദ്ദേഹത്തിന്റെ കരിയറിന് ഒരു പുതിയ മാറ്റം കൊണ്ടു വന്നത്. യാഷ് ചോപ്ര തന്റെ പല സിനിമകളിലും ശ്രീദേവിയെ കാസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീദേവിയോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ സിനിമകള്‍ വന്‍ ഹിറ്റുകളായി. ശ്രീദേവി ഒരു മാലാഖയായി തന്റെ കരിയറിലേക്ക് എത്തുകയായിരുന്നു എന്നാണ് തന്റെ ഒരു അഭിമുഖത്തില്‍ യാഷ് ചോപ്ര തന്നെ വെളിപ്പെടുത്തിയത്.
യാഷ് ചോപ്ര തന്റെ കരിയറില്‍ ഏറെയും ഹിറ്റുകളും ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ 4 ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലും കാലിയായി. അത്തരമൊരു സാഹചര്യത്തില്‍ ശ്രീദേവിയുടെ ആ സിനിമ ഇല്ലായിരുന്നെങ്കില്‍ യാഷ് ചോപ്രയും ഉണ്ടാകുമായിരുന്നില്ല.
യാഷ് ചോപ്രയുടെ പ്രൊഡക്ഷന്‍ ഹൗസ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. തുടര്‍ച്ചയായി 4 ചിത്രങ്ങളുടെ പരാജയം കാരണം താന്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നുവെന്ന് നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ ‘ദ റൊമാന്റിക്സില്‍’ യാഷ് ചോപ്ര വെളിപ്പെടുത്തി. ഇതിനുശേഷം യാഷ് ചോപ്ര ‘ചാന്ദ്നി’ എന്ന ചിത്രത്തിന്റെ ആശയവുമായി ശ്രീദേവിയെ സമീപിച്ചു. ശ്രീദേവി കത്തിക്കയറി നില്‍ക്കുന്ന സമയമായിരുന്നു അത്. ശ്രീദേവി അഭിനയിക്കുന്ന ഏത് സിനിമയും ഹിറ്റാകുന്ന സമയമായിരുന്നു അത്. യാഷ് ചോപ്രയുടെ അവസ്ഥ കണ്ട ശ്രീദേവി അദ്ദേഹത്തെ പിന്തുണക്കുകയും സിനിമ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു.
ഇതിന് ശേഷം ‘ചാന്ദ്നി’ എന്ന സിനിമ ശ്രീദേവിയെ വെച്ച് യാഷ് ചോപ്ര ചെയ്തു. ഏകദേശം 8 കോടി രൂപയായിരുന്നു അന്ന് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. 27.2 കോടിയാണ് ചിത്രം അന്ന് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ ചിത്രത്തിന് ശേഷം യാഷ് ചോപ്രയുടെ പ്രൊഡക്ഷന്‍ ഹൗസ് ഹിറ്റുകളുടെ ഗ്യാരണ്ടിയായി മാറി. 1989-ല്‍ പുറത്തിറങ്ങിയ ‘ചാന്ദ്നി’ എന്ന ചിത്രത്തില്‍ ശ്രീദേവിയെ കൂടാതെ ഋഷി കപൂര്‍, വിനോദ് ഖന്ന എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
‘ചാന്ദ്നി’ എന്ന ചിത്രം ഋഷി കപൂറിനും ഒരു അനുഗ്രഹമായി മാറി. യാഷ് ചോപ്രയുടെ മങ്ങിയ കരിയര്‍ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഋഷി കപൂറിനും ഈ ചിത്രം ഒരു പുതുജന്മമാണ് നല്‍കിയത്.