ജെഫ് ബെസോസിനെയും മാർക്ക് സക്കർബർഗിനെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി ഒറാക്കിള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ . ഫോർച്യൂണിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഓഹരികൾ ഉയർന്നതോടെ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തില്‍ 40 ബില്യൺ ഡോളർ വര്‍ദ്ധന ഉണ്ടായി.
ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസിന്റെ കുതിച്ചുയരുന്ന വിജയമാണ് ഈ വരുമാനത്തിന്റെ കാരണം. ഫോബ്‌സിന്റെ കണക്കനുസരിച്ച്, ലാറി എലിസണിന്റെ സമ്പാദ്യം ഇപ്പോൾ 250.9 ബില്യൺ ഡോളറാണ്. 405.8 ബില്യൺ ഡോളറുമായി ടെസ്‌ല സ്‌പേസ്എക്‌സ് സിഇഒ എലോൺ മസ്‌കിനും തൊട്ടുപിന്നിൽ അദ്ദേഹം സ്ഥാനം പിടിച്ചു.
ഒറാക്കിളിന്റെ മികച്ച വരുമാന റിപ്പോർട്ട് അവരുടെ ഓഹരികൾ കുതിച്ചുയർത്തി. കമ്പനിയുടെ ഏകദേശം 41% ഓഹരികൾ എലിസണിന്റെ ഉടമസ്ഥതയിലായതോടെ, അദ്ദേഹത്തിന്റെ സമ്പത്ത് ഒറ്റ ദിവസം കൊണ്ട് 25 ബില്യൺ ഡോളർ കുതിച്ചുയർന്നു, താമസിയാതെ മറ്റൊരു 16 ബില്യൺ ഡോളർ കൂടി വന്നു.
അതേസമയം, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് നിലവിൽ 229 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് 240 ബില്യൺ ഡോളറിന്റെ ആസ്തിയും.
ആരാണ് ലാറി എലിസൺ ?
1977 ൽ തുടങ്ങിയ ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിളിന്റെ സഹസ്ഥാപകനാണ് 80 വയസ്സുള്ള ഈ ടെക് ഭീമൻ . പതിറ്റാണ്ടുകള്‍കൊണ്ട് അത് ഒരു ആഗോള ക്ലൗഡ് കമ്പ്യൂട്ടിംഗ് പവർഹൗസായി വളർന്നു. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ അദ്ദേഹവും ഉൾപ്പെട്ടു.
ഉയര്‍ന്ന വ്യക്തിത്വത്തിനും ആഡംബരപൂർണ്ണമായ ജീവിതശൈലിക്കും പേരുകേട്ടയാളാണ് എല്ലിസൺ. 2012-ൽ, ഹവായിയിലെ ആറാമത്തെ വലിയ ദ്വീപായ ലനായിയുടെ 98% ഭാഗവും അദ്ദേഹം ഏകദേശം 300 മില്യൺ ഡോളറിന് വാങ്ങി. ലൈസൻസുള്ള ഒരു പൈലറ്റ് കൂടിയാണ് അദ്ദേഹം, സൈനിക വിമാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നിട്ടും, എലിസൺ വർഷങ്ങളായി വെറും ഒരു ഡോളര്‍ അടിസ്ഥാന ശമ്പളം മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ, വൻതോതിലുള്ള ബോണസുകളും സ്റ്റോക്ക് ഓപ്ഷനുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
എലോൺ മസ്കുമായുള്ള സൗഹൃദം
“എത്ര പേർക്ക് അറിയാമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എലോൺ മസ്‌ക്കുമായി വളരെ അടുത്ത സൗഹൃദത്തിലാണ്, ഞാൻ ടെസ്‌ലയിൽ ഒരു വലിയ നിക്ഷേപകനുമാണ്,” 2018 ൽ എലിസൺ പറഞ്ഞു, മസ്ക് അദ്ദേഹത്തെ ടെസ്‌ലയുടെ ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്ത വർഷം.




