Crime

കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി ∙ തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കാണാതായെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ അമ്മ, ഉപേക്ഷിച്ചതാണെന്ന് പിന്നീട് മൊഴി നൽകി. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തു വരെ കുട്ടിയുമായി അമ്മ വന്നുവെന്നാണ് വിവരത്തെ തുടർന്ന് ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരിച്ചിലിനിറങ്ങുകയായിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പൊലീസും ഫയർഫോഴ്സും കല്യാണിക്കായി തിരച്ചിൽ ഊ‍ർജ്ജിതമാക്കുകയായിരുന്നു. പിന്നീട് സ്കൂബാ ടീമിനെ ഇവിടേയ്ക്ക് വരുത്തി തിരച്ചിൽ വ്യാപകമാക്കുകയായിരുന്നു. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പക്ഷെ കല്യാണിയുടെ ജീവനറ്റ ശരീരമാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്.