പാരീസ്: ഫ്രാന്‍സിലെ വിഖ്യാതമായ ല്യൂവര്‍ മ്യൂസിയത്തില്‍ വന്‍ മോഷണം. നെപ്പോളിയന്‍ യുഗത്തിലെ ആഭരണശേഖരത്തിലെ അമൂല്യ വസ്തുക്കളാണ് കവര്‍ച്ച ചെയ്തത്.
പാരീസിലെ മ്യൂസിയം ഒരുദിവസം അടച്ചിടുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനുപിന്നാലെ ഫ്രഞ്ച് സാംസ്കാരിക മന്ത്രിയാണു മോഷണവിവരം പുറത്തുവിട്ടത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും പത്നി ജോസഫൈനിന്റെയും ആഭരണശേഖരത്തിലെ ഒമ്പത് വസ്തുക്കളാണ് മോഷ്ടാക്കള്‍ കടത്തിയതെന്നു കരുതുന്നു.
നിര്‍മാണം നടക്കുന്ന ഭാഗത്തുകൂടി അകത്തുകടന്ന മോഷ്ടാക്കള്‍ക്ക് ഏഴു മിനിറ്റ് മാത്രമാണ് കവര്‍ച്ചയ്ക്കു വേണ്ടിവന്നത്. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഏണി ഉപയോഗിച്ച് അകത്തുകടന്ന് ഡിസ്ക് കട്ടറിന്റെ സഹായത്തോടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് അപ്പോളോ ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. കവര്‍ന്ന ആഭരണങ്ങളില്‍ ഒരെണ്ണം പിന്നീട് മ്യൂസിയത്തിനു പുറത്തുനിന്നു കണ്ടെടുത്തു.
സ്കൂട്ടറിലെത്തിയ മൂന്ന്-നാലു പേരടങ്ങുന്ന സംഘമാണു പിന്നിലെന്നാണ് അനുമാനം. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30-നും 9.40-നും ഇടയിലായിരുന്നു മോഷണം. സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണ മോഷ്ടാക്കള്‍ക്കുണ്ടായിരുന്നു.




