Crime

ക്ഷേത്രത്തിനുള്ളിൽ പ്രാര്‍ത്ഥനയ്ക്കിടെ ഭക്തയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ്- വീഡിയോ

ബംഗളുരുവിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഒരു ഭക്തയുടെ സ്വർണ മാല പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. നന്ദിനി ലേഔട്ടിലെ ശങ്കര്‍ നഗറിലെ ഗണേഷ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒക്ടോബർ 10 ന് നടന്ന സംഭവത്തിന്റെ ഒരു മൊബൈൽ ഫോൺ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ സ്വർണ്ണ ബോർഡറുള്ള നീല സാരി ധരിച്ച പ്രായമായ ഒരു സ്ത്രീ, ക്ഷേത്രത്തിലെ ജനൽ ഗ്രില്ലിന് അരികിൽ ഒരു കസേരയിലിരുന്ന് ഹാളിനുള്ളിൽ മറ്റ് സ്ത്രീകളോടൊപ്പം പ്രാർത്ഥനകൾ ചൊല്ലുന്നതായിട്ടാണ് കാണുന്നത്.

എന്നാൽ ഈ സമയം ജനലിന്റെ മറുവശത്തുള്ള ഒരാൾ അവളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് പരിഭ്രാന്തയായ സ്ത്രീ മാല മോഷണം പോയെന്ന് മനസിലാക്കി പെട്ടെന്ന് നിലവിളിച്ച് ബഹളം ഉണ്ടാക്കുന്നു .

ഏകദേശം 30 ഗ്രാമിന്റെ സ്വർണവുമായി കള്ളൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സഹായത്തിനായി സ്ത്രീ നിലവിളിച്ചിട്ടും മാലയുടെ പകുതിയുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അതേസമയം, യുവതിയുടെ പരാതിയെ തുടർന്ന് സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.