Oddly News

‘പണി പാളീ .. ചേട്ടാ ഞാന്‍ കള്ളനാ’; തല അകത്തും ശരീരം പുറത്തും, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി മോഷ്ടാവ് വീഡിയോ

മോഷ്ടിക്കാൻ കയറി, പക്ഷെ പണി നൈസായി പാളി, ആരും കാണാതെ കയറിയ ആൾ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വൈറലാണ്. മോഷണത്തിനായി എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ച കള്ളനാണ് താരം.

രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ് കള്ളന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിൽ കുടുങ്ങിയത്.

സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഭാഷും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ വന്നപ്പോഴാണ് കള്ളന്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തലയുടെ ഭാഗം അകത്തും കാല്‍ പുറത്തുമായി തൂങ്ങിക്കിടക്കുന്ന കള്ളനെ കണ്ട് സുഭാഷിന്റെ ഭാര്യ അലറി വിളിക്കുകയായിരുന്നു.

താൻ കള്ളനാണെന്നും തന്റെ കൂട്ടാളികൾ തൊട്ടപ്പുറത്തുതന്നെ ഉണ്ടെന്നും ഇയാൾ മറുപടി പറഞ്ഞു. തന്നെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ ദോഷം സംഭവിക്കുമെന്നും കുടുങ്ങിക്കിടക്കുന്നതിനിടെ കള്ളൻ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. എന്നാൽ, വീട്ടുടമസ്ഥൻ ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.



പൊലീസ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനെ ദ്വാരത്തിൽനിന്ന് പുറത്തെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദ്വാരത്തിൽനിന്ന് പുറത്തേക്ക് വലിക്കുമ്പോൾ വേദനകൊണ്ട് കള്ളൻ കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

പുറത്തെടുത്ത കള്ളനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൂതൽ വിവരങ്ങൾക്കായി ചോദ്യംചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.