പോലീസ് കസ്റ്റഡിയിൽ നിന്ന് കള്ളന്മാർ രക്ഷേപ്പെട്ടോടുന്നത് ഒരു പുതിയ സംഭവമല്ല. പലപ്പോഴും സിനിമകളിലായിരിക്കാം നാം ഇത്തരത്തിലുള്ള രംഗങ്ങൾ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാമഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഒരു യഥാർത്ഥ സംഭവം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
നാടകീയമായ സംഭവവികാസങ്ങളിൽ, യഥാർത്ഥ ഹിന്ദി ചലച്ചിത്ര ശൈലിയിൽ ഒരു കള്ളൻ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടോടിയിരിക്കുകയാണ്.പോലീസ് വാനിലുണ്ടായിരുന്ന പ്രതി രക്ഷപ്പെടാനുള്ള അവസരം കണ്ടെത്തുകയും വേഗത്തിൽ വാനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് റെഡിയാക്കി വച്ചിരുന്ന സ്കൂട്ടറിൽ ചാടിക്കയറിയാണ് ഇയാൾ രക്ഷപെട്ടത്. ഇയാളുടെ സുഹൃത്ത് പുറത്ത് വണ്ടിയുമായി കാത്തിരിക്കുകയും പോലീസിൻ്റെ ശ്രദ്ധ മാറിയ നിമിഷം പ്രതി തന്റെ നീക്കം നടത്തുകയായിരുന്നു.
എല്ലാം വളരെ പെട്ടന്നായിരുന്നതിനാൽ പോലീസിന് പ്രതികരിക്കാൻ സമയം കിട്ടിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അവർ മനസ്സിലാക്കിയപ്പോഴേക്കും കള്ളൻ സ്കൂട്ടറിൽ കയറി രക്ഷപെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ ദൃശ്യങ്ങൾ നോക്കി പ്രതിയുടെ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഏതായാലും ഈ സംഭവം നാസിക് പോലീസിൻ്റെ സുരക്ഷാ നടപടികളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഒരു പ്രതി എങ്ങനെ ഇത്ര എളുപ്പത്തിൽ രക്ഷപ്പെട്ടു? അവനെ രക്ഷപ്പെടാൻ സഹായിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന ഉണ്ടായിരുന്നോ? അങ്ങനെയാണെങ്കിൽ, ഗതാഗത സമയത്ത് പോലീസ് എങ്ങനെയാണ് ഇത്തരമൊരു വീഴ്ച അനുവദിച്ചത്? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോലീസിൻ്റെ അനാസ്ഥയ്‌ക്കെതിരെ നെറ്റിസൺസ് ആഞ്ഞടിക്കുകയാണ്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “പോലീസ് ചായ കുടിക്കുകയായിരുന്നു.” മറ്റൊരാൾ എഴുതി, “കള്ളൻ യഥാർത്ഥത്തിൽ വളരെ മിടുക്കനാണ്!” എന്നാണ്.