വിദേശയാത്രക്കള്‍ പോകാനായി ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തിനെ പറ്റി പറഞ്ഞ് തരേണ്ടതില്ലലോ. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. 13ാം നൂറ്റാണ്ട് മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെൻറി അഞ്ചാമന്‍ രാജാവായിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. വിദേശത്തേക്ക് പോകുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവിരങ്ങളും ഉള്‍കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം.
പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനായി സാധിക്കുക. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. തങ്ങളുടെ രാജാവിന് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് ഇത് സംബന്ധിച്ച് ജപ്പാന്റെ വിശദീകരണം. ബ്രിട്ടനാവട്ടെ അവരുടെ പൗരന്മാര്‍ക്ക് രാജാവിന്റെ പേരിലാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതിനാല്‍ തന്നെ രാജാവിന് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ഉചിതമല്ലെന്ന് ബ്രിട്ടനും പറയുന്നു.
സിംഗപ്പൂരിന്റേതാണ് നിലവില്‍ ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സന്ദര്‍ശിക്കാനാവും. രണ്ടാം സ്ഥാനത്തുള്ളത് ജപ്പാന്‍ പാസ്‌പോര്‍ട്ടാണ് (193 ). മൂന്നാം സ്ഥാനത്ത് ഫ്രാന്‍സ്, പിന്നെ ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ , ഫിന്‍ലാന്‍ഡ് , ദക്ഷിണകൊറിയ തുടങ്ങിയരാജ്യങ്ങളിലും പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാനായി സാധിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പാസ്‌പോർട്ട് റാങ്കിംഗ് 2025 ൽ 85-ാം സ്ഥാനത്തേക്ക് താഴ്ന്നു, മുൻ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ കുറഞ്ഞു.
മരിച്ചയാള്‍ പാസ്‌പോര്‍ട്ട് അനുവദിച്ചതിനെ പറ്റി കേട്ടിട്ടുണ്ടോ? അതിശയിക്കേണ്ട അങ്ങനെയും ഒരു ചരിത്രമുണ്ട്. ഈജിപ്തിലെ ഫറവോയായിരുന്ന റാംസെസ് രണ്ടാമനാണ് ഇത്തരത്തില്‍ അപൂര്‍വ്വ നേട്ടം ലഭിച്ചത്. 1976 ലാണ് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് റാംസെസ് രണ്ടാമന് അനുവദിച്ചത് . അദ്ദേഹത്തിന്റെ മമ്മി പ്രത്യേക ഫംഗസ് ബാധയെ തുടർന്ന് നശിക്കുന്നത് തടയാനായി ഫ്രാന്‍സിലേക്ക് എത്തിക്കേണ്ടിവന്നു.ഫ്രാന്‍സിന്റെ നിയമം അനുസരിച്ച് പാസ്‌പോര്‍ട്ട് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനായി സാധിക്കില്ല. ഇതിനാലാണ് റാംസെസ് രണ്ടാമന് മരിച്ച് മൂവായിരം വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള കാരണം.