Health

മഴക്കാലത്തെ മൈഗ്രെയ്ന്‍ തലവേദനയെ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കൂടാറുണ്ട്. മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

  • കാലാവസ്ഥ മാറ്റങ്ങള്‍ക്കായി കരുതിയിരിക്കാം – അന്തരീക്ഷ മര്‍ദ്ദം, ഈര്‍പ്പം പോലുള്ള കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കേണ്ടതും അവയ്ക്കായി കരുതിയിരിക്കേണ്ടതും അത്യാവശ്യമാണ്. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം ഉണ്ടാകുമ്പോള്‍ കഴിവതും വീടിനുള്ളില്‍ ചെലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
  • സന്തുലിത ഭക്ഷണം – ഭക്ഷണം കഴിക്കാതെ വിടുന്നതും അസന്തുലിതമായ ഭക്ഷണ ക്രമം പിന്തുടരുന്നതും മൈഗ്രെയ്‌ന് കാരണമാകാം. കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരേണ്ടതാണ്.
  • ജലാംശം നിലനിര്‍ത്താം – ശരീരത്തിലെ നിര്‍ജലീകരണം മൈഗ്രെയ്‌നെ ഉണര്‍ത്തി വിടുമെന്നതിനാല്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണം. കഫൈന്‍ അടങ്ങിയ പാനീയങ്ങളും മധുരപാനീയങ്ങളും കൂടുതല്‍ നിര്‍ജലീകരണത്തിലേക്ക് നയിക്കുമെന്നതിനാല്‍ അവ ഒഴിവാക്കണം.
  • അവശ്യ എണ്ണകള്‍ ഉപയോഗിക്കുക – പെപ്പര്‍മിന്റ്, ലാവന്റര്‍ പോലുള്ള ചില എണ്ണകള്‍ നമ്മെ ശാന്തമാക്കി, മൈഗ്രെയ്ന്‍ വേദനകളെ കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഇത്തരം എണ്ണകള്‍ നേര്‍പ്പിച്ച് നെറ്റിയിലും കഴുത്തിലുമെല്ലാം ഇടാവുന്നതാണ്.
  • ഉറക്കം ക്രമീകരിക്കാം – ക്രമം തെറ്റിയ ഉറക്കവും മൈഗ്രെയ്ന്‍ തലവേദന ഉണ്ടാക്കും. രാത്രിയില്‍ കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എണീക്കുകയും ചെയ്യുന്നതും ഉറക്കത്തിന്റെ ക്രമം നിലനിര്‍ത്തും.
  • ശരിയായ ശരീര ഘടന – ശരീരത്തിന്റെ പോസ്ചര്‍ ശരിയായി സൂക്ഷിക്കാതിരിക്കുന്നത് കഴുത്തിലും തോളുകളിലുമെല്ലാം സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇത് മൈഗ്രെയ്‌നിലേക്ക് നയിക്കാം. നല്ല പോസ്ചര്‍ പേശികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കും. നടു നിവര്‍ത്തി ശരിയായ പോസ്ചറില്‍ ഇരിക്കാനും നില്‍ക്കാനും ശീലിക്കുക.
  • സമ്മര്‍ദ്ദ നിയന്ത്രണം -സമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുന്നത് മൈഗ്രെയ്ന്‍ തീവ്രതയും ആവൃത്തിയും കുറയ്ക്കും. ആഴത്തിലുള്ള ശ്വസോച്ഛാസം, ധ്യാനം, യോഗ പോലുള്ള സമ്മര്‍ദ്ദ ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ ശീലിക്കുക. നിത്യവുമുള്ള വ്യയാമവും സമ്മര്‍ദ്ദം കുറയ്ക്കും.
  • ഭക്ഷണത്തിലും ശ്രദ്ധ – ചിലതരം ഭക്ഷണങ്ങളും മൈഗ്രയ്ന്‍ ട്രിഗര്‍ ആകാം. ഇത്തരം ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. സംസ്‌കരിച്ച ഭക്ഷണം, ചീസ്, ചോക്ലേറ്റ്, കഫൈന്‍, മദ്യം എന്നിവ പലരിലും മൈഗ്രെയ്‌നെ ഉണര്‍ത്തി വിടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *