സാമ്പത്തിക ഞെരുക്കത്തിന് പുറമേ കുട്ടികളില്ലെന്ന ആത്മസംഘര്‍ഷവും ദമ്പതികള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ജീവനൊടുക്കി. മുംബൈയിലെ മാര്‍ട്ടിന്‍നഗറില്‍ ജാരിപട്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ തങ്ങളുടെ വസതിയിലായിരുന്നു മദ്ധ്യവയസ്‌ക്കരായ ദമ്പതികളുടെ ആത്മഹത്യ. 54 കാരനായ ടോണിയും 45 കാരിയായ ആനിയുമാണ് തങ്ങളുടെ വിവാഹവാര്‍ഷികത്തില്‍ ജീവനൊടുക്കിയത്.
കുട്ടികളുണ്ടാകാത്തതില്‍ ദമ്പതികള്‍ വിഷാദത്തില്‍ ആയിരുന്നു. അതിനൊപ്പം കഴിഞ്ഞ രണ്ടുവര്‍ഷമായി ടോണിക്ക് ജോലിയുമില്ലാതായി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ടോണിക്ക് തൊഴില്‍നഷ്ടം സംഭവിച്ചതിനാല്‍ കുടുംബം സാമ്പത്തീകപ്രതിസന്ധി നേരിടുന്ന സ്ഥിതിയിലായിരുന്നു. ഴിഞ്ഞ രണ്ടുമാസമായി ദമ്പതികള്‍ ആത്മഹത്യാപ്രവണതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം നടത്തിയതിന് പിന്നാലെ വിവാഹവാര്‍ഷികദിനമാണ് ആത്മഹത്യയ്ക്കായി ഇവര്‍ തെരഞ്ഞെടുത്തത്. മരണമടയുന്നതിന് മുമ്പത്തെ രാത്രിയില്‍ ബന്ധുക്കളെയെല്ലാം വിളിച്ച് സുഖവിവരങ്ങള്‍ തിരക്കുകയും എല്ലാം നന്നായിരിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
അര്‍ദ്ധരാത്രിയോടെയാണ് ഇരുവരും വീടിനുള്ളില്‍ തൂങ്ങിയതെന്ന് കരുതുന്നു. പിറ്റേന്ന് രാവിലെ 10 മണിയായിട്ടും ഇരുവുരം എഴുന്നേല്‍ക്കാതെ വന്നതോടെ അയല്‍ക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇവര്‍ വാതിലില്‍ മുട്ടിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജനാല വഴി നോക്കിയപ്പോഴാണ് വീടിനുള്ളില്‍ ദമ്പതികള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ ഉടന്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. പിന്നാലെ കേസെടുക്കുകയും ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസീക സംഘര്‍ഷങ്ങള്‍ നേരിട്ടാല്‍ വിദഗ്ദ്ധരെ സമീപിക്കുക)