Featured Oddly News

പ്രിയതമയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പ്രതിമ ; റോമന്‍ പാരമ്പര്യം പുനര്‍ജീവിപ്പിച്ച് സക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിയ പത്നി പ്രിസില്ല ചാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് പുതിയ കാര്യമല്ല. പ്രിയതമയോടുള്ള ടെക് രാജാവിന്റെ സ്നേഹത്തിനും കരുതലിനും മതിപ്പിനും ഇതിനേക്കാള്‍ വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനായേക്കില്ല. പ്രിസില്ല ചാനിനോടുള്ള ആദര സൂചകമായി കോടീശ്വരന്‍ തന്റെ വീട്ടില്‍ അവരുടെ അവിശ്വസനീയമായ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു.


പ്രിസില്ലയോടുള്ള ആത്മാര്‍ത്ഥതയെ കാണിക്കാന്‍ സക്കര്‍ബെര്‍ഗ് റോമന്‍ പാരമ്പര്യം തന്നെ കടമെടുക്കുകയായിരുന്നു. ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ പുരാതന പാരമ്പര്യത്തിലേക്കാണ് മെറ്റാ സിഇഒ പങ്കുചേര്‍ന്നത്. ന്യൂയോര്‍ക്ക് ശില്‍പിയായ ഡാനിയല്‍ അര്‍ഷാമിനെയായിരുന്നു ശില്‍പ്പനിര്‍മ്മാണത്തിനായി സക്കര്‍ബര്‍ഗ് നിയോഗിച്ചത്. അദ്ദേഹം തന്റെ സിഗ്നേച്ചര്‍ ആര്‍ട്ട് വര്‍ക്കില്‍ പ്രിസില്ലയുടെ പ്രതിമ സൃഷ്ടിച്ചു. പ്രതിമയുടെ ഫോട്ടോയും വീഡിയോയും പങ്കുവെച്ച് മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കലാകാരന് നന്ദി പറഞ്ഞു.


ഭാര്യയുടെ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്ന പഴയ റോമന്‍ പാരമ്പര്യം നിങ്ങള്‍ തിരികെ കൊണ്ടുവന്നെന്ന് ശില്‍പ്പി പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്റെ സൃഷ്ടികളിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നാണെന്നും പറഞ്ഞു. പ്രശസ്ത ശില്പിക്ക് നിലവില്‍ ഇറ്റലിയിലെ വെനീസില്‍ ചീസ ഡി സാന്താ കാറ്റെറിനയില്‍ ഒരു പ്രദര്‍ശനം ഉണ്ട്. ഒക്ടേവിയന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരാണ്. ഗായസ് ജൂലിയസ് സീസര്‍ അഗസ്റ്റസ് തന്റെ ഭാര്യ ലിവിയയുടെ പ്രതിമകള്‍ നിര്‍മ്മിച്ചു.