Travel

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പോസ്‌റ്റോഫീസ്; ഇവിടെ വസിക്കുന്നത് ആയിരത്തിലധികം പെന്‍ഗ്വിനുകള്‍

ആയിരത്തിലധികം പെന്‍ഗ്വിനുകള്‍ വസിക്കുന്ന ദ്വീപ്. അവിടെയൊരു പോസ്റ്റോഫീസ്. ഒറ്റപ്പെട്ട ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്റോയ് ഇപ്പോള്‍ ചരിത്രപരമായ സ്ഥലമായും സ്മാരകമായും കണക്കാക്കപ്പെടുന്നു. ബ്രിട്ടന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഈ തപാല്‍ ഓഫീസ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതും ഉള്‍നാടന്‍ പ്രദേശത്തുള്ളതുമായ പോസ്‌റ്റോഫീസായിട്ടാണ് കണക്കാക്കപ്പെടുന്നത്.

യുദ്ധകാലത്ത് രഹസ്യദൗത്യമായ ഓപ്പറേഷന്‍ ടാബറിന്റെ ഭാഗമായി 1944 ഫെബ്രുവരി 11 നാണ് ഇത് സ്ഥാപിതമായത്. 1945 ല്‍ യുദ്ധം അവസാനിച്ചതോടെ് 1962 ജനുവരി വരെ അത് അന്തരീക്ഷ ശാസ്ത്ര ഗവേഷണ കേന്ദ്രമായും ആശയവിനിമയ കേന്ദ്രമായും നിലനിന്നു. പിന്നീട് 1995-ല്‍ ഇത് ഒരു ചരിത്ര സ്ഥലമായും സ്മാരകമായും നിയോഗിക്കപ്പെട്ടു. 1996 നവംബര്‍ മുതല്‍ മുന്‍ ഗവേഷണ കേന്ദ്രത്തിന്റെ സൈറ്റ് ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുകയാണ്. ഓരോ സീസണിലും 18,000 സന്ദര്‍ശകരെ വരെ സ്വാഗതം ചെയ്യുന്നു.

തൊഴിലാളികളും ചില വിനോദസഞ്ചാരികളും ദ്വീപ് സന്ദര്‍ശിക്കുമ്പോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. പോര്‍ട്ട് ലോക്ക്‌റോയ് പോസ്റ്റ് ഓഫീസ് ഓരോ വര്‍ഷവും 100-ലധികം രാജ്യങ്ങളിലേക്ക് ഏകദേശം 70,000 കാര്‍ഡുകള്‍ അയയ്ക്കുന്നുണ്ട്. ‘അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ ഒരു ചെറിയ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പെന്‍ഗ്വിന്‍ പോസ്റ്റ് ഓഫീസിനെ സമീപിക്കുമ്പോള്‍, 600 ജോഡി ജെന്റൂ പെന്‍ഗ്വിനുകളുടെ ‘റൂ റൂ റൂ’ ശബ്ദം നിങ്ങളെ സ്വാഗതം ചെയ്യുന്നെന്നാണ് മുന്‍ പോര്‍ട്ട് ലോക്ക്റോയ് ജോലിക്കാരിയായ സാറാ ഓഫ്റെറ്റ് അതുല്യമായ ഈ പോസ്‌റ്റോഫീസിനെക്കുറിച്ച് പറയുന്നത്.

മഞ്ഞു സീസണിന്റെ തുടക്കത്തില്‍ കെട്ടിടത്തിനുള്ളിലെത്താന്‍ നിങ്ങള്‍ക്ക് ഒരു മഞ്ഞ് ഗോവണി കയറേണ്ടി വന്നേക്കാം. ലക്ഷ്യസ്ഥാനം എവിടെയായാലും ഒരു പോസ്റ്റ്കാര്‍ഡ് അയയ്ക്കുന്നതിന് ഒരു യു.എസ്. ഡോളര്‍ ചിലവാകും. തിരക്കുള്ള ദിവസങ്ങളില്‍ 1,000-ത്തിലധികം പോസ്റ്റ്കാര്‍ഡുകള്‍ ഉണ്ടാകും.