Oddly News

മനുഷ്യര്‍ പുറത്തിറങ്ങില്ല, പക്ഷികള്‍ ആകാശത്ത് നിന്നും ചത്തുവീഴും…!! ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം

വേനലിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം കൂടിയായതോടെ പല രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം ഏതാണ്? മദ്ധ്യേഷ്യന്‍ മേഖലയിലെ ഈ രാജ്യത്ത് ആകാശത്ത് നിന്ന് പക്ഷികള്‍ ചത്തു വീഴുന്നത് കാണാന്‍ കഴിയും, തെരുവുകളില്‍ എയര്‍ കണ്ടീഷനിംഗ് പോലും ഉണ്ട്. കുവൈറ്റിലെ കുവൈറ്റ് സിറ്റിയാണ് ഭൂമിയിലെ ഏറ്റവും ചൂടേറിയ നഗരമായി കണക്കാക്കപ്പെടുന്നത്. 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് വരെ താപനില എത്താറുണ്ട്.

വേനല്‍ക്കാലത്ത് ഇവിടം വാസയോഗ്യമല്ല എന്ന് നാട്ടുകാര്‍ പറയുന്നു. മെയ് മാസത്തില്‍ കുവൈറ്റില്‍ ചൂട് അതി കഠിനമാകും. കുവൈറ്റ് സിറ്റി തന്നെ ഒരു കോണ്‍ക്രീറ്റ് മെട്രോപോളിസാണ്, അതിനാല്‍ ചൂട് നിലനിര്‍ത്തുന്നു. വലിയ എണ്ണ ശേഖരത്തിന് പേരുകേട്ട നഗരത്തില്‍ മഴയുടെ ലഭ്യത കുറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. കുവൈറ്റ് സിറ്റിക്ക് പുറത്ത് 90 മിനിറ്റ് അകലെയുള്ള കുവൈറ്റിലെ മിത്രിബ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 54 ഡിഗ്രി സെല്‍ഷ്യസാണ്. ഈര്‍പ്പത്തിന്റെ അഭാവം ഇവിടെ മണല്‍ക്കാറ്റിലേക്ക് നയിക്കും.

50 ഡിഗ്രി ചൂടിനെ നേരിടാന്‍ കുവൈറ്റ് സിറ്റിയിലെ മൂന്ന് ദശലക്ഷം നിവാസികള്‍ എയര്‍ കണ്ടീഷന്‍ഡ് ചെയ്ത വീടുകളിലും കാറുകളിലും ഓഫീസുകളിലും വീടിനുള്ളില്‍ തന്നെ കഴിയുകയും പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഈന്തപ്പനകള്‍ നിറഞ്ഞ ഒരു തെരുവ് ഉള്‍പ്പെടെ ധാരാളം ഇന്‍ഡോര്‍ ഷോപ്പിംഗ് മാളുകളും ഉണ്ട്. മാരകമായ വെയില്‍ ഒഴിവാക്കാന്‍ പകലിന് പകരം രാത്രിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനും കുവൈത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പക്ഷേ മൃഗങ്ങള്‍ക്ക് ഈ ഭാഗ്യമില്ല. ആകാശത്ത് നിന്ന് പക്ഷികള്‍ ചത്തു വീഴുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളും പൂച്ചകളുമെല്ലാം മിക്കവാറും വാഹനങ്ങള്‍ക്ക് അടിയില്‍ വിശ്രമിക്കാറുണ്ട്. കാലാവസ്ഥ കാരണം തണുത്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും ചൂട് കുറയുമ്പോള്‍ മടങ്ങിവരുന്നവരുമായ നാട്ടുകാരുണ്ട്. ഈ സമയത്ത് റോഡുകള്‍ ശാന്തമാകുന്നത് മാത്രമാണ് ഈ സമയത്തെ പോസിറ്റീവായ ഒരു കാര്യം.

കുളിമുറിയിലും മറ്റും വരുന്ന വെള്ളം പോലും ചൂടുവെള്ളമാണ്. പകലും രാത്രിയുമുള്ള ഉയര്‍ന്ന താപനില ശരീരത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കും, ഇത് ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകും. അത്തരം ഉയര്‍ന്ന ചൂടില്‍ പുറത്ത് സമയം ചെലവഴിക്കുന്നതും അപകടകരമാണ്.