Oddly News

ഏറ്റവും പ്രായം കൂടിയ ലോകമുത്തശ്ശി, വയസ്സ് 116, കൊടുമുടി കീഴടക്കിയത് രണ്ടുതവണ

ഇന്നത്തെ കാലത്ത് 100 വയസ് വരെ ജീവിക്കാന്‍ സാധിക്കുന്നത് തന്നെ വലിയൊരു അത്ഭുതമായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ ഒരു മുത്തശ്ശിക്ക് നൂറും കഴിഞ്ഞ് പ്രായം 116 ആയിരിക്കുന്നു. ലോകറെക്കോര്‍ഡ് തിരുത്തിയതിന് പിന്നാലെയാണ് ആഷിയ സിറ്റി അധികൃതര്‍ തൊമിക്കോ ഇതുക്കയുടെ 116-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം പുറത്തുവിട്ടത്. 117 കാരിയായ സ്പാനിഷുകാരി മരിയ ബ്രന്യാസ് മരണപ്പെട്ടതിന് പിന്നാലെയാണ് തൊമിക്കോ ലോകമുത്തശ്ശിയായത്.

1908ലായിരുന്നു ഇതുക്കയുടെ ജനനം. ഇവര്‍ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. തന്റെ 20ാം വയസ്സില്‍ വിവാഹിതയായി രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയ ഇതുക്ക യുദ്ധത്തിന്റെ കാലത്ത് ദക്ഷിണ കൊറിയയിലുള്ള ടെ്ക്സറ്റൈല്‍ ഫാക്ടറി ഏറ്റെടുത്തു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റക്കായിരുന്നു താമസം. അക്കാലത്ത് പര്‍വതാരോഹണത്തില്‍ താല്‍പര്യമായി. തന്റെ 70ാം വയസ്സില്‍ ഇതുക്ക ജപ്പാനിലെ മൗണ്ട് ഒന്‍താകെ കൊടുമുടി കീഴടക്കി. അതു സാധാരണ സ്നീക്കര്‍ ഷൂ ധരിച്ച്. ഒരിക്കല്‍കൂടി ഈ നേട്ടം ആവര്‍ത്തിക്കാനും മുത്തശ്ശിക്കായി.

നൂറാം വയസ്സില്‍ ആഷിയ തീര്‍ഥാടനകേന്ദ്രത്തിലെ നീളന്‍ കല്‍പടവുകള്‍ വടിയുടെ പോലും സഹായമില്ലാതെ കയറിയും ലോകത്തെ ഞെട്ടിച്ചു. 2019ൽ
താമസം ഒരു നഴ്സിങ് ഹോമിലേക്ക് മാറ്റിയ ഇതൂക്കയുടെ നടത്തം ഇപ്പോള്‍ വീൽ ചെയറിലാണ്.