Oddly News

കാറുകളുടെ തലസ്ഥാനമായ രാജ്യത്ത് 600 ആളുകളും 600 കുതിരകളും മാത്രമുള്ള ‘കാര്‍രഹിത’ ദ്വീപ്…!

‘ലോകത്തിന്റെ കാര്‍ തലസ്ഥാനമായ വികസിത രാജ്യത്തിന്റെ മദ്ധ്യത്തില്‍, 600 ആളുകളും 600 കുതിരകളും മാത്രമുള്ള യാത്രയ്ക്കും മറ്റു കാര്യങ്ങള്‍ക്കും കുതിരകളെ ആശ്രയിക്കുന്ന പഴയ ജീവിതരീതി പിന്തുടരുന്ന ഒരു ശാന്തമായ ദ്വീപ്. അമേരിക്കയിലെ ഹ്യൂറോണ്‍ തടാകത്തിലെ സംസ്ഥാനത്തിന്റെ വടക്കന്‍ തീരത്ത് നൂറുകണക്കിന് വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ശാന്തവും മനോഹരവുമായ ഈ ദ്വീപ് കണ്ടുപിടിച്ചതിന് ശേഷം കാറുകള്‍ ഏറെക്കുറെ നിരോധിച്ചിട്ടുണ്ട്.

ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ക്രിസ്ലര്‍ തുടങ്ങിയ കമ്പനികള്‍ ഉത്ഭവിച്ച ഡെട്രോയിറ്റിലെ ‘മോട്ടോര്‍ സിറ്റി’ യുടെ ആസ്ഥാനമായ യുഎസ് സംസ്ഥാനം മിഷിഗനെ ‘ലോകത്തിന്റെ കാര്‍ തലസ്ഥാനം’ എന്ന് വിളിക്കുന്നു. എന്നാല്‍ 3.8 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മക്കിനാക്ക് ഐലന്റില്‍ മോട്ടറൈസ്ഡ് വാഹനങ്ങളൊന്നുമില്ല. കാര്‍ ഓടിക്കാന്‍ അനുവാദമില്ലാത്ത ഒരേയൊരു യുഎസ് ഹൈവേ ഇതായിരിക്കും. ദ്വീപിന്റെ തെരുവുകളില്‍ ഗോള്‍ഫ് വണ്ടികള്‍ പോലും നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ നിങ്ങളെ ഹോണടിശബ്ദം ഒരിക്കലും അലോസരപ്പെടുത്തില്ല.

1898-ല്‍ ദ്വീപില്‍ ഒരിടത്ത് കാറിന്റെ ശബ്ദം സമീപത്തുള്ള കുതിരകളെ ഭയപ്പെടുത്തിയതോടെ ഗ്രാമ അധികാരികള്‍ ആന്തരിക ജ്വലന എഞ്ചിനുകള്‍ നിരോധിച്ചു. ഈ നീക്കം രണ്ട് വര്‍ഷത്തിന് ശേഷം ദ്വീപിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോള്‍ ഒരു നൂറ്റാണ്ടായി കുതിരക്കുളമ്പടി ശബ്ദം മാത്രമുള്ള ഇവിടെ ഏകദശം 600 കുതിരകള്‍ ഓടിക്കൊണ്ടിരിക്കുന്നു. അവധിക്കാലത്ത് ഏകദേശം 1.2 ദശലക്ഷം ആളുകള്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. മിഷിഗനിലെ അപ്പര്‍ പെനിന്‍സുലയിലെ മക്കിനാവ് സിറ്റിയില്‍ നിന്നോ സെന്റ് ഇഗ്‌നസില്‍ നിന്നോ 20 മിനിറ്റ് ഫെറിയില്‍ കയറിയാണ് തെക്കന്‍ ദ്വീപിലെ ചെറിയ ഗ്രാമത്തിലേക്ക് ആള്‍ക്കാരെത്തുന്നത്. സന്ദര്‍ശകരും കുതിരവണ്ടിയാണ് ഉപയോഗിക്കേണ്ടത്.

മാലിന്യങ്ങള്‍ നീക്കം ചെയ്യലും ഫെഡ്എക്സ് ഡെലിവറിയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കുതിരകളെ ഉപയോഗിക്കുന്നു. നൂറുകണക്കിന് വര്‍ഷങ്ങളായി, തദ്ദേശീയ സമൂഹങ്ങള്‍ ഹുറോണ്‍ തടാകത്തിന്റെയും മിഷിഗണ്‍ തടാകത്തിന്റെയും സംഗമസ്ഥാനത്തുള്ള ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം മത്സ്യബന്ധനത്തിനും വേട്ടയാടലിനും വേണ്ടി ഉപയോഗിക്കുന്നു. 200 വര്‍ഷത്തിലേറെയായി അമേരിക്കയ്ക്ക് കീഴിലാണ് ദ്വീപ്. 1812-ലെ യുദ്ധത്തെത്തുടര്‍ന്നായിരുന്നു അമേരിക്ക മാക്കിനാക്കിന്റെ നിയന്ത്രണം ഏറ്റെടുത്തത്.