മോട്ടോര്‍ സൈക്കിള്‍ റേസിന്റെ സാഹസികതയും അമ്പരപ്പിക്കുന്ന ചടുലവേഗതയും മടുത്ത മോട്ടോജിപി ചാമ്പ്യന്‍ അവസാന ഏറ്റവും വേഗം കുറഞ്ഞ നടത്തം തെരഞ്ഞെടുത്തു. ഇരുചക്രവാഹനങ്ങളുടെ ലോകചാംപ്യന്‍ഷിപ്പ് മടുത്താണ് മുന്‍ മത്സരാര്‍ത്ഥി പോയത് ലോകം ചുറ്റാന്‍. ഇതിഹാസ താരം സിറ്റോ പോണ്‍സിന്റെ മകന്‍, രണ്ട് തവണ മോട്ടോജിപി ജേതാവ്, ഒരു മോട്ടോര്‍ സൈക്കിള്‍ റേസറുമായ ആക്‌സല്‍ പോണ്‍സാണ് വെറൈറ്റിക്ക് വേണ്ടി നഗ്‌നപാദനായി നടന്ന് ഉലകം ചുറ്റാന്‍ പോയത്. ആറു വര്‍ഷമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ് ആക്സല്‍ പോണ്‍സ്.
ഒരു മോട്ടോര്‍ സൈക്കിള്‍ റേസര്‍ എന്ന നിലയില്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍തന്നെ ആക്‌സല്‍ പോണ്‍സിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാനായി. മോട്ടോ2 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച സ്ഥാനങ്ങള്‍ നേടിയിട്ടും 2016 സീസണില്‍ 16-ാം സ്ഥാനത്തെത്തിയത് തന്റെ റേസിംഗ് കരിയര്‍ അവസാനിപ്പിക്കുക എന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നു. റേസിംഗില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ച അദ്ദേഹം ഫാഷനിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ഫാഷന്‍ മോഡലായി കുറച്ച് കരാറുകള്‍ ചെയ്യുകയുമുണ്ടായി.
2019 ല്‍ വീണ്ടും അപ്രത്യക്ഷനായി. സ്പാനിഷ് പത്രമായ എല്‍ പൈസുമായി നടത്തിയ അഭിമുഖത്തില്‍ ജീവിതത്തിന്റെ വേഗത കുറയ്ക്കാനും തന്റെ മുന്‍കാല ജീവിതത്തെ പിന്നില്‍ നിര്‍ത്താനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. പാക്കിസ്ഥാനിലൂടെ നടക്കുന്ന ഒരു യൂട്യൂബ് വീഡിയോ ചെയ്തതിന് ശേഷം ആക്‌സല്‍ പോണ്‍സ് അടുത്തിടെ വൈറലായിരുന്നു. കട്ടിയുള്ള താടിയും വൃത്തികെട്ട രൂപവും പാദരക്ഷയുമില്ലാതെ, കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ നഗ്നപാദനായി നടക്കുന്നുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഒരു ജോടി ക്രോക്ക്സ് ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചിത്രീകരണം നടത്തുന്നയാളോട് പറഞ്ഞു.
2008 മുതല്‍ 2017 വരെ മോട്ടോ 2-ന്റെ 10 സീസണുകളില്‍ മത്സരിച്ച പോണ്‍സ്, പടിഞ്ഞാറന്‍ യൂറോപ്പിലെ തന്റെ ജന്മനാടായ സ്പെയിനില്‍ തന്റെ യാത്ര ആരംഭിച്ചു, കിഴക്കോട്ട് പതുക്കെ നടന്ന് ചുറ്റുമുള്ള ലോകത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. ”ഏകദേശം 15 മാസം മുമ്പ് ഞാന്‍ തയ്യാറാണെന്ന് തോന്നിയപ്പോള്‍ കിഴക്കോട്ട് നടക്കാന്‍ ഞാന്‍ തീരുമാനിച്ചു. പതുക്കെ, സാവധാനം, സാവധാനം പോകാന്‍ തുടങ്ങി, ഇതുവരെ ഞാന്‍ സാവധാനം, സാവധാനം, ജീവിതത്തിന്റെ വിശദാംശങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടക്കുന്നു.” പോണ്‍സ് പറഞ്ഞു.
ഏകദേശം ആറ് വര്‍ഷമായി ആക്‌സല്‍ ലോകമെമ്പാടും നഗ്നപാദനായി നടക്കുന്നു, എന്നാല്‍ സ്പെയിനില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള (6,500 കിലോമീറ്റര്‍) അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത് 15 മാസം മുമ്പാണ്. ഇന്ത്യയിലേക്ക് തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും വിസ പ്രശ്‌നങ്ങള്‍ കാരണം അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞില്ല. ചൈനയിലേക്ക് നടന്ന് അവിടെ നിന്ന് ഇന്ത്യയിലേക്ക് വരാനുള്ള ശ്രമത്തിലാണ്.