Oddly News

ആനയെ നെഞ്ചിലെടുത്ത് ഉയര്‍ത്തിയ ‘സര്‍ക്കസ് സുന്ദരി’ ; റീബ രക്ഷിത് – സര്‍ക്കസ് ബ്യൂട്ടി ക്വീന്‍

അപകടകരമായ അഭ്യാസങ്ങളാണ് സര്‍ക്കസ് എന്ന വിനോദത്തിന്റെ ആത്മാവ്. ഇന്റര്‍നെറ്റ്, ടെലിവിഷനുമൊക്കെ വരുന്നതിന് വളരെപണ്ട് പൊതുജനങ്ങളുടെ ജീവിതത്തിലെ പ്രധാന വിനോദ സ്രോതസ്സുകളില്‍ മുഖ്യസ്ഥാനം സാഹസികതയും അസാധാരണത്വവും നിറഞ്ഞ സര്‍ക്കസിനുണ്ടായിരുന്നു.

അക്കാലത്ത് സര്‍ക്കസില്‍ നെഞ്ചുകൊണ്ട് ആനയെ ഉയര്‍ത്തിയാണ് അതിശയിപ്പിക്കുന്ന അഭ്യാസം നടത്തി താരമായ ആളാണ് കല്‍ക്കട്ടയില്‍ നിന്നുള്ള സുന്ദരിയായ റീബ രക്ഷിത്. ഇവരുടെ ഈ പ്രവര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. യോഗയിലൂടെ നേടിയെടുത്ത അസാധാരണ മെയ്‌വഴക്കവും പ്രണായാമത്തിലൂടെ പരിശീലിച്ച് സിദ്ധിച്ചെടുത്ത ശ്വാസ നിയന്ത്രണവുമായിരുന്നു ഇക്കാര്യത്തിനായി റീബയെ തുണച്ചിരുന്നത്.

കനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ നെഞ്ചില്‍ ഉയര്‍ത്തിക്കൊണ്ട് റീബ ആദ്യം നടത്തിയിരുന്ന അഭ്യാസങ്ങളെ ആനയെ നെഞ്ചിലേക്ക് ഉയര്‍ത്തിയെടുക്കുന്ന രീതിയിലേക്ക് പരിശീലിപ്പിച്ച് എടുത്തത് ഗുരു ഘോഷ് ആയിരുന്നു. പുതിയതും മെച്ചപ്പെട്ടതുമായ അഭ്യാസങ്ങളും പ്രകടനങ്ങളുമില്ലാതെ സര്‍ക്കസ് ജനപ്രിയത നഷ്ടപ്പെട്ട് നിന്ന സാഹചര്യത്തില്‍ ആളെ കയറ്റാന്‍ പുതിയ അഭ്യാസം വേണമെന്ന് തോന്നിയിടത്ത് നിന്നുമായിരുന്നു ഘോഷ് മനുഷ്യന്‍ ആനയെ ഉയര്‍ത്തുന്ന അഭ്യാസം പരീക്ഷിക്കാന്‍ തീരുമാനം എടുത്തത്.

മോട്ടോര്‍ സൈക്കിള്‍ നെഞ്ചില്‍ ഉയര്‍ത്തുന്ന അഭ്യാസം അനായാസം ചെയ്തിരുന്ന വണ്ണം കുറഞ്ഞ സുന്ദരിയായ റീബയെ ആനയെ ഉയര്‍ത്തുന്ന അഭ്യാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ഘോഷിനായി. ഭാരം ഉയര്‍ത്താനുള്ള അപാരമായ ശക്തി ശ്വാസനിയന്ത്രണലൂടെ അവള്‍ സ്വായത്തമാക്കിയിരുന്നു.

അവളുടെ കഴിവും കരുത്തുറ്റ ശരീരപ്രകൃതിയും ശ്രദ്ധിച്ച ഗുരു ഘോഷ് അവളെ ആനയെ ഉയര്‍ത്താന്‍ പരിശീലിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം നിശ്ചല വസ്തുവായ മോട്ടോര്‍ സൈക്കിള്‍ ഉയര്‍ത്തുന്നത് ജീവനുള്ള ഒരു വന്യമൃഗത്തെ ഉയര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു കാട്ടാന, പരിശീലനം ലഭിച്ചാലും, പാപ്പാന്റെ കല്‍പ്പനകള്‍ക്ക് മാത്രമേ ഉത്തരം നല്‍കൂ. തടസ്സം കൂടാതെ, ആനയെ ഈ അഭ്യാസത്തിനായി ക്രമീകരിക്കുക എന്നത് വലിയ ജോലിയായിരുന്നു.

കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന മറ്റൊരു സര്‍ക്കസ് കമ്പനി ഉടമയോട് ഘോഷ് ഈ ആശയം മുന്നോട്ടുവച്ചു.

”എനിക്ക് ഉയര്‍ന്ന വൈദഗ്ധ്യവും സുന്ദരിയുമായ ഒരു യുവതിയുണ്ട്, നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളവരേക്കാള്‍ ശക്തയാണ് അവള്‍. ഒരു പുരുഷനേക്കാള്‍ അപ്പുറം യോഗ ശക്തിയുണ്ട്. രാവിലെ സര്‍ക്കസിലേക്ക് ഞാന്‍ അവളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.”

അടുത്ത ദിവസം റീബയെ കൊണ്ടുവരാന്‍ ആ കമ്പനിയുടെ ഉടമ ഘോഷിനോട്‌ പറഞ്ഞു. അഭ്യാസം അവതരിപ്പിക്കാന്‍ തങ്ങളുടെ ടീമില്‍ നിന്ന് ഒരു വയസ്സുള്ള ആനക്കുട്ടിയെ ആവശ്യമുണ്ടെന്ന് ഘോഷ് അവരോട് പറഞ്ഞു.
‘‘അസാധ്യം! ഞങ്ങളുടെ പരിശീലനം നേടിയ ആളുകള്‍ക്കുമാത്രമേ ആനപ്പുറത്ത് കയറാൻ അനുവാദമുള്ളൂ’’

“അയ്യോ സവാരിക്കല്ല. അവൾ ആനയെ നെഞ്ച്കൊണ്ട് ഉയർത്തും’’

സര്‍ക്കസ് ക്യാമ്പ് നിശബ്ദമായി.

“അത് അസാധ്യമാണ്. അവൾ ഉറുമ്പിനെപ്പോലെ ചമ്മന്തിയാകും’’ സർക്കസ് ഏജന്റ് പറഞ്ഞു.

“ഇല്ല, അത് സംഭവിക്കില്ല,” ഘോഷ് തറപ്പിച്ചു പറഞ്ഞു. “ഞാൻ നിങ്ങളോട് പറയുന്നു, ഇത്രയും ശക്തയായയ ഒരു വ്യക്തിയെ നിങ്ങൾ കണ്ടിട്ടില്ല’’


ഈ അസാധാരണ സ്റ്റണ്ട് ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന മരണം പോലെയുള്ള അപകടകസാധ്യതയില്‍ സര്‍ക്കസ് കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കസ് ഉടമ പറഞ്ഞു. ഒന്നും സംഭവിക്കുകയില്ലെന്ന് ഘോഷും. അടുത്ത ദിവസം തന്നെ സര്‍ക്കസ് കമ്പനിയുടെ പരിശീലന സൈറ്റില്‍ ഒരു ആനയെ നെഞ്ചില്‍ ഉയര്‍ത്താന്‍ റീബയ്ക്ക് കഴിഞ്ഞു.