Featured Oddly News

ബൈബിളില്‍ പരാമര്‍ശമുള്ള പുരാതന നിഗൂഡമരം ; വിത്ത് കാന്‍സറിനെ പോലും ചെറുക്കും ?

എഡി 993 നും 1202 നും ഇടയില്‍ ഉണ്ടായിരുന്നതെന്ന് കരുതുന്ന ബൈബിളില്‍ പരാമര്‍ശമുള്ള ഒരു നിഗൂഢമായ പുരാതന മരത്തിന്റെ വിത്ത് 1,000 വര്‍ഷങ്ങള്‍ക്ക് ശേഷം 10 അടി ഉയരമുള്ള മരമായി വളര്‍ന്നതായി കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ വിത്താണിതെന്നും വളരാന്‍ 14 വര്‍ഷമെടുത്തെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

ബൈബിളില്‍ പരാമര്‍ശമുള്ള ‘ഷേബ’ രാജ്ഞിയുടെ പേരിട്ട വിത്ത് ആധുനിക ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍ എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന വംശനാശം സംഭവിച്ച ഒരു ഇനം മരത്തിന്റേതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ബൈബിളില്‍ രോഗശാന്തി ശക്തികള്‍ക്കായി പരാമര്‍ശിച്ചിരിക്കുന്ന മരത്തിന്റെ വിത്തനമാകാം ഇതെന്നാണ് ശാസ്ത്ര്ജഞരുടെ കണ്ടെത്തല്‍. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ചില തൈലങ്ങളുടെ പിന്നിലെ രഹസ്യം അനാവരണം ചെയ്യാന്‍ മരത്തിന്റെ പുനരുജ്ജീവനത്തിന് കഴിയുമെന്ന് അവര്‍ അവകാശപ്പെടുന്നു.

‘ഗെലിയാദിലെ തൈലം’ എന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ ഉറവിടം എന്ന് ചിലര്‍ വിശ്വസിക്കുന്ന സുഗന്ധമുള്ള റെസിനുകള്‍ ഉത്പാദിപ്പിക്കുന്ന കോമിഫോറ ജൈവ ഇനവുമായി ഈ വൃക്ഷം ബന്ധപ്പെട്ടിരിക്കുന്നു. അനേകം ഔഷധഗുണങ്ങളും ഷേബ മരം കാണിക്കുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വൃക്ഷത്തിന്റെ ഇലകളുടെ രാസ വിശകലനം, അതില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള സജീവ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇതിന്റെ തണ്ടുകള്‍ക്കും ഇലകള്‍ക്കും ആന്റിഓക്സിഡന്റും ചര്‍മ്മത്തെ മിനുസപ്പെടുത്തുന്നതുമായ ചില ഗുണങ്ങളുമുണ്ട്.

മരത്തിന്റെ ഡിഎന്‍എ, രാസ, റേഡിയോകാര്‍ബണ്‍ വിശകലനങ്ങള്‍ യേശുവുമായി അടുത്ത ബന്ധമുള്ളതും ബൈബിളില്‍ പരാമര്‍ശമുള്ളതുമായ മീറ, കുന്തിരിക്കം കുടുംബത്തില്‍ പെട്ടതാണെന്ന് കണ്ടെത്തി. 200-ഓളം സസ്യജാലങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ശെബ സസ്യത്തിന്റെ ഇനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തതയില്ല. 14 വര്‍ഷമായി, ഈ വൃക്ഷം പൂക്കുകയോ അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് പഠിക്കാന്‍ കഴിയുന്ന ‘പ്രത്യുല്‍പാദന പദാര്‍ത്ഥങ്ങള്‍’ ഉത്പാദിപ്പിക്കുകയോ ചെയ്തിട്ടില്ല.