Sports

“ആദ്യത്തെ കിറ്റ് വാങ്ങിത്തരാന്‍ പശുവിനെ വിറ്റ അച്ഛൻ, ആ ത്യാഗം ഉള്ളില്‍ ഒരു തീ ആളിക്കത്തിച്ചു”: നന്ദി പറഞ്ഞ് ശ്രീജേഷ്

ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സ്പെയിനിനെതിരെ 2-1 ന് അവിസ്മരണീയമായ വിജയം നേടിയാണ് തങ്ങളുടെ മുന്‍ നായകനും ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ ഗോള്‍കീപ്പറായ പി.ആര്‍. ശ്രീജേഷിന് യാത്രയയപ്പ് നല്‍കിയത്. പാരീസ് 2024 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ടീം തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളിലാണ് വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയത്. 1972 ന് ശേഷം ഈ നേട്ടം ആദ്യമാണ്

ഇന്ത്യയുടെ സമീപകാല ഹോക്കി വിജയങ്ങളിലെ പ്രധാന വ്യക്തിയായ ശ്രീജേഷ് ഇന്ത്യയുടെ 13 ഒളിമ്പിക് ഹോക്കി മെഡലുകളുടെ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയാണ് മടങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെ നന്ദിയും അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു. ”ഞാന്‍ അവസാനമായി പോസ്റ്റുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍, എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീര്‍പ്പുമുട്ടുന്നു,” അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പാരീസ് ഒളിമ്പിക്‌സാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് നേരത്തെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു.

”ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ലളിതമായ തുടക്കം മുതല്‍, എന്റെ ജീവിതത്തെ നിര്‍വചിച്ച ഈ സുപ്രധാന യാത്ര വരെ, ഓരോ ചുവടും സ്വപ്നങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രിയപ്പെട്ടവരുടെ പിന്തുണയുടെയും സാക്ഷ്യമാണ്. എൻ്റെ ആദ്യത്തെ കിറ്റ് വാങ്ങാൻ അച്ഛൻ ഞങ്ങളുടെ പശുവിനെ വിറ്റത് ഞാൻ ഇപ്പോഴും ഓർക്കുന്നു . പിതാവ് സഹിച്ച ത്യാഗം എന്റെ ഉള്ളില്‍ ഒരു തീ ആളിക്കത്തിച്ചു. കൂടുതൽ കഠിനാധ്വാനം ചെയ്യാനും വലുതായി സ്വപ്നം കാണാനും എന്നെ പ്രേരിപ്പിച്ചു. ഓസ്‌ട്രേലിയയിലേക്കുള്ള എന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര, വിദേശ മണ്ണില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്ന അത്ഭുതവും ആവേശവും നിറഞ്ഞതായിരുന്നു. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിൻ്റെ അവസാനവും ഒരു പുതിയ സാഹസികതയുടെ തുടക്കവുമാണ്.” എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീജേഷ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം പിആര്‍ ശ്രീജേഷിന്റെ മൊത്തം ആസ്തി ഏകദേശം 40 കോടി രൂപയോളം വരും. അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം, 1.68 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഹോക്കി കരിയര്‍, ബ്രാന്‍ഡ് അംഗീകാരങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയിലൂടെയും അദ്ദേഹം വന്‍തുക സമ്പാദിക്കുന്നു. അഡിഡാസ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള വരുമാനവും ഇതില്‍പെടുന്നു.


സ്‌കൂള്‍ അധ്യാപികയായ അനീഷ്യയാണ് ശ്രീജേഷിന്റെ ഭാര്യ. 2011 ലായിരുന്നു വിവാഹം. അനുശ്രീ, ശ്രീയാന്‍ഷ് എന്നിവരാണ് മക്കള്‍. 2015-ലെ അര്‍ജുന അവാര്‍ഡ്, 2017-ല്‍ പത്മശ്രീയും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും വിവിധ ടൂര്‍ണമെന്റുകളില്‍ ‘മികച്ച ഗോള്‍കീപ്പര്‍’ എന്ന ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.