ഇസ്‌ലാമിലെ ഏറ്റവും പവിത്രവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വിശുദ്ധമായ സമയമാണിത്. റമദാൻ മാസത്തിലെ നോമ്പ് ആചരണം ഇസ്‌ലാമിക പ്രബോധനങ്ങളിൽ അധിഷ്ഠിതമാണ്.
വിശ്വാസികൾക്ക് അവരുടെ ഹൃദയം ശുദ്ധീകരിക്കാനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ഒരു ദൈവിക അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, നോമ്പ് തുറക്കുമ്പോൾ ആദ്യമായി ഈത്തപ്പഴം കഴിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? ഈത്തപ്പഴം കഴിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം.
എന്തുകൊണ്ടാണ് ഈത്തപ്പഴം ?
ഇസ്‌ലാമിൽ റമദാൻ മാസത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഈ സമയത്ത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ അല്ലാഹുവിന്റെ പ്രീതിക്കായി നോമ്പ് (റോസ) അനുഷ്ഠിക്കുന്നു. നോമ്പ് എടുക്കുന്നവർ സൂര്യോദയത്തിന് മുമ്പുള്ള സഹറിന് ശേഷവും സൂര്യസ്തമയത്തിന് ശേഷമുള്ള ഇഫ്താറിന് ശേഷവും മാത്രമാണ് ഭക്ഷണവും വെള്ളവും കഴിക്കുന്നത്.
ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുകയും അതിനുശേഷം മാത്രം മറ്റ് ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് സുന്നത്തായി കണക്കാക്കപ്പെടുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ പാത പിന്തുടരുന്നവരെയാണ് സുന്നികൾ എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതരീതികളെയും അധ്യാപനങ്ങളെയും പിന്തുടരുന്നതിനെയാണ് ‘സുന്നത്ത്’ എന്ന് പറയുന്നത്.
വിശുദ്ധ ഖുറാനിലും ഈ മധുരഫലത്തെക്കുറിച്ചും ഈത്തപ്പനകളെക്കുറിച്ചും 22 തവണ പരാമർശിച്ചിട്ടുണ്ട്. ഈ പഴങ്ങൾ ദൈവിക അനുഗ്രഹമായും, സമൃദ്ധിയുടെ അടയാളമായും, പോഷകസമൃദ്ധമായ ആഹാര സ്രോതസ്സായുമാണ് എടുത്തുകാണിക്കുന്നത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, പ്രവാചകൻ മുഹമ്മദ് നബിക്ക് ഈത്തപ്പഴം വളരെ ഇഷ്ടമായിരുന്നു, അദ്ദേഹം ഈത്തപ്പഴം കഴിച്ചാണ് നോമ്പ് തുറന്നിരുന്നത്. ഈത്തപ്പഴത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും അവയ്ക്ക് വിഷാംശങ്ങളിൽ നിന്നും ദുർമന്ത്രവാദങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള ഔഷധഗുണമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വിശ്വാസികൾ ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത്.
റമദാൻ: ആത്മീയ ചിന്തകളുടെ മാസം
റമദാൻ എന്നത് കേവലം ഭക്ഷണവും പാനീയവും ഉപേക്ഷിക്കൽ മാത്രമല്ല. മുസ്ലീങ്ങൾ കാരുണ്യപ്രവൃത്തികളിൽ ഏർപ്പെടാനും പാപമോചനം തേടാനും പ്രയാസമനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്താനുമുള്ള സമയം കൂടിയാണിത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ വിശ്വാസയാത്ര ഈദുൽ ഫിത്തറിലൂടെ അവസാനിക്കുന്നു. നോമ്പിന്റെ സമാപ്തിയെയും സൽപ്രവൃത്തികളിലേക്കുള്ള പുതിയ ചുവടുവെപ്പിനെയും സൂചിപ്പിക്കുന്ന സന്തോഷകരമായ ആഘോഷമാണിത്.




