Sports

ധോനിയുടെ വീഡിയോ കണ്ടുപഠിച്ച ഇഷാന്‍കിഷന്‍; പാറ്റ്‌നയില്‍ നിന്നും ഓടിക്കയറിയത് ലോകകപ്പ് ടീമിലേക്ക്

മുകളില്‍ നിന്ന് അഞ്ചാം നമ്പര്‍ വരെ എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഹാര്‍ഡ് ഹിറ്റിംഗ് ഇടംകൈയ്യന്‍. അതുപോലെ തന്നെ സ്റ്റമ്പിന് പിന്നിലെ സാന്നിധ്യവും. ഏറെ വിലപ്പെട്ട കൗതുകകരമായ ഒരു പാക്കേജ്. ലോകകപ്പ് ടീമില്‍ കെഎല്‍ രാഹുലിന് പിന്നില്‍ ഇന്ത്യ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയ ഇഷാന്‍ കിഷന്റെ പുതിയ വിശേഷണം ഇതാണ്. കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കിഷന്‍ നടത്തിയത് സ്വാഭാവിക മുന്നേറ്റമാണ്. എന്നാല്‍ ഇപ്പോഴെന്നത് പോലെ മുകളിലേക്കുള്ള അദ്ദേഹത്തിന്റെ പാത എല്ലായ്‌പ്പോഴും സുഗമമായിരുന്നില്ല.

പട്നക്കാരനായ ഇഷാന്‍ അവിടെ നിന്ന് റാഞ്ചിയിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതനായത് ക്രിക്കറ്റിന് വേണ്ടി ആയിരുന്നു. എംഎസ് ധോണിയുടെ വീടിന് വളരെ അടുത്തായിരുന്നു അദ്ദേഹം പരിശീലനം നടത്തിയിരുന്ന നെറ്റ്‌സ്. മഹി ഭായിയുടെ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നയാളാണ് ഇഷാന്‍ കിഷന്‍. ധോനിയുടെ വീഡിയോകള്‍ കണ്ട് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും പഠിക്കുകയും ചെയ്തിരുന്ന കിഷന്‍ ധോനിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലും എത്തിച്ചേര്‍ന്നതില്‍ അത്ഭുതമില്ല. ഇരുവരും ഒരേ സംസ്ഥാനത്തു നിന്നുള്ളവരാണ്.

വിക്കറ്റുകള്‍ സൂക്ഷിക്കുന്ന വിനാശകാരിയായ ഹിറ്റര്‍ എന്ന നിലയില്‍ കിഷന്‍ പലപ്പോഴും ധോണിയുടെ ക്ലോണായി തെറ്റിദ്ധരിക്കപ്പെടുന്നു. 2018 മുതല്‍ എന്‍സിഎയിലും മുംബൈ ഇന്ത്യന്‍സിലും കിഷനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് മുന്‍ ഇന്ത്യന്‍ കീപ്പര്‍ കൂടിയായ കിരണ്‍ മോറെ. നാച്വറല്‍ ടാലന്റായ കിഷന്റെ കളിയില്‍ തനിക്ക് കാര്യമായ മാറ്റങ്ങള്‍ വേണ്ടി വന്നിട്ടില്ലെന്നും ചെറിയ അഡജസ്റ്റ്‌മെന്റുകള്‍ മാത്രമേ വരുത്തിയുള്ളൂയെന്നുമാണ് മോറെ പറഞ്ഞത്.

കഴിഞ്ഞയാഴ്ച പല്ലേക്കെലെയില്‍ പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഏറ്റുമുട്ടലില്‍ തന്റെ യുവ കരിയറില്‍ ആദ്യമായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ കഴിവുകള്‍ കിഷന്‍ പ്രകടിപ്പിക്കുകയും ചെയ്തു. കിഷന്‍ 81 പന്തില്‍ നിന്ന് 82 റണ്‍സ് നേടി. ഒരു യഥാര്‍ത്ഥ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കിഷന്‍ തിളങ്ങിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് കിരണ്‍മോറെയായിരുന്നു.

പാക്കിസ്ഥാനെതിരായ കിഷന്റെ സ്‌കോര്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയില്‍ പൊരുതിക്കൊണ്ടിരുന്ന സമയത്ത് ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണത്തിനെതിരെയായിരുന്നു കിഷന്‍ തിളങ്ങിയത്. അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ചും മുന്‍ കര്‍ണാടക ബാറ്റിംഗ് താരവുമായ ജെ അരുണ്‍കുമാര്‍ കിഷന്റെ പ്രകടനത്തില്‍ അമ്പരന്നില്ല. ഏത് സാഹചര്യത്തിലും അദ്ദേഹം ശാന്തനാണ്.അതാണ് അദ്ദേഹത്തിന്റെ സമ്പത്തെന്നാണ് അരുണ്‍കുമാര്‍ പറഞ്ഞത്.