ബൈബിളില്‍ പറഞ്ഞിരിക്കുന്ന മന്നയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന’ എന്ന പ്രയോഗം, സീനായ് മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ ഇസ്രായേല്യരെ പോഷിപ്പിക്കാന്‍ ആകാശത്ത് നിന്ന് ദൈവം വീഴ്ത്തിക്കൊടുത്ത ഭക്ഷണമായി ബൈബിളില്‍ 17 തവണ പറഞ്ഞിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി മെഡിറ്ററേനിയനില്‍ വിളവെടുക്കുകയും ചെയ്തിരുന്ന ഈ സൂപ്പര്‍ഫുഡ് ഇപ്പോള്‍ ഒരു കര്‍ഷകന്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതുകകരമായിരിക്കും.
പലേര്‍മോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ കിഴക്കായി സിസിലിയിലെ മഡോണി പര്‍വതനിരകളില്‍ ആഷ് മരങ്ങള്‍ നിറഞ്ഞ ഒരു വയലില്‍ ജലാര്‍ഡി എന്ന കര്‍ഷകനാണ് പ്രസിദ്ധമായ മന്ന പുനര്‍ജ്ജനിപ്പിച്ചിരിക്കുന്നത്. ആഷ്മരങ്ങളുടെ തൊലി പൊട്ടിച്ചെടുക്കുന്ന കറയില്‍ നിന്നുള്ള വെളുത്ത ധാതു സമ്പന്നമായ റെസിന്‍ വിളവെടുപ്പ് ജലാര്‍ഡി തന്റെ ദൗത്യമാക്കി മാറ്റിയിരിക്കുകയാണ്.
പുറപ്പാട് പുസ്തകത്തില്‍, മന്നയെ ‘നിലത്ത് മൂടിയ മഞ്ഞ് പോലെ നേര്‍ത്ത പദാര്‍ത്ഥം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ ആഷ് മരങ്ങളുടെ പുറംതൊലിയില്‍ നിന്ന് മന്ന എന്ന തേന്‍ പോലെയുള്ള അടരുകളുള്ളതും മഞ്ഞ് നിറമുള്ളതുമായ റെസിന്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഈ സ്രവം പാചകക്കാരും പേസ്ട്രി നിര്‍മ്മാതാക്കളും നൂതനമായ രീതിയില്‍ ഉപയോഗിക്കുന്നു.
ഒമ്പതാം നൂറ്റാണ്ടില്‍ സിസിലിയില്‍ മന്ന കൃഷി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും നഗരവല്‍ക്കരണം വന്നതോടെ 1950 കളില്‍ പോളിനയിലെ കാര്‍ഷിക മേഖലയില്‍ നിന്നും അപ്രത്യക്ഷമായി. 1970 കളില്‍ ജന്മനാടായ പോളിനയിലേക്ക് മടങ്ങിയെത്തിയ ജെലാര്‍ഡി ആ പാരമ്പര്യത്തെ തിരികെ കൊണ്ടുവന്നു മന്ന വിളവെടുപ്പ് ആരംഭിച്ചു. നാട്ടുകാരുടെ വിമര്‍ശനവും പരിഹാസവും വകവെയ്ക്കാതെ അതിനെക്കുറിച്ച് അയാള്‍ കൂടുതല്‍ പഠിച്ചു. വിളവെടുപ്പ് വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തി പരിചയമുള്ള കര്‍ഷകര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും പലേര്‍മോയിലെ പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കുകയും ചെയ്തു.
1986-ല്‍ ഗെലാര്‍ഡി അടുത്തുള്ള റിസോര്‍ട്ടില്‍ താമസിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് മന്നയെക്കുറിച്ചുള്ള വസ്തുതകള്‍ അടങ്ങിയ ലഘുലേഖകള്‍ കൈമാറാന്‍ തുടങ്ങി. ‘മന്നയുടെ രോഗശാന്തി ഗുണങ്ങളും പ്രാദേശിക സംസ്‌കാരത്തില്‍ അതിന്റെ സ്വാധീനവും ആളുകളെ ആകര്‍ഷിച്ചു,’ അദ്ദേഹം ഓര്‍മ്മിക്കുന്നു. 1990-കളോടെ, അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് മന്ന എങ്ങനെ വിളവെടുക്കാമെന്ന് കാണിക്കുന്ന ടൂറുകള്‍ക്ക് നേതൃത്വം നല്‍കി. ‘അവര്‍ ഇത് ഞങ്ങളുടെ പ്രാദേശിക സൂപ്പര്‍ഫുഡായി കാണാന്‍ തുടങ്ങി.
മന്ന ഇപ്പോള്‍ പ്രാദേശികമായി മധുരപലഹാരമായും മോയ്‌സ്ചറൈസറായും ഡൈയൂററ്റിക് ആയും ഉപയോഗിക്കുന്നുണ്ട്. പ്രകൃതിയില്‍ മധുരമുള്ള ക്രിസ്റ്റല്‍ സംയുക്തമായ മാനിറ്റോള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും മന്നയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍, പ്രമേഹരോഗികള്‍ക്കും മധുരപലഹാരമായി മന്ന ഉപയോഗിക്കാം.