സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയ സന്തോഷങ്ങൾ സമ്മാനിക്കാറുണ്ട്. അപ്രതീക്ഷിതമായി ഏറ്റവും അടുപ്പമുള്ളവരെ കാണുക, അവരുടെ സർപ്രൈസുകളിൽ കണ്ണ് നനയുക എന്നിവയൊക്കെ അതിലെ മുഖ്യ പങ്കു വഹിക്കുന്ന വിഡിയോകളാണ്. യാത്രകളിൽ മിക്കപ്പോഴും സർപ്രൈസുകൾ സമ്മാനിക്കുന്നത് ഫ്ലൈറ്റ് യാത്രകളാണ്. എയർലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ചിലപ്പോൾ ഒരേ വിമാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാം, അവരറിയാതെ ഞെട്ടിക്കാം, അപ്രതീക്ഷിതമായി അവർക്കു മുമ്പിൽ പ്രത്യക്ഷപെടുകയും ആവാം.
ഇപ്പോഴിതാ വിമാനത്തിൽ കയറുകയായിരുന്ന ഒരു അമ്മ തന്റെ പൈലറ്റ് മകൻ വിമാനം പറത്തുമെന്ന് കണ്ട് അമ്പരക്കുന്ന വീഡിയോയാണ്. വിമൽ ശശിധരൻ എന്ന പൈലറ്റാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. “വിമാനത്തിൽ ഞാൻ എന്റെ അമ്മയെ എങ്ങനെ അത്ഭുതപ്പെടുത്തി,” എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
അമ്മ വിമാനത്തിൽ കയറുന്നതിൽ നിന്നാണ് ക്ലിപ്പ് ആരംഭിക്കുന്നത്. അവരെ ഫ്ലൈറ്റ് അറ്റൻഡന്റ്സ് സ്വാഗതം ചെയ്യുന്നത് കാണാം. ആ അമ്മയ്‌ക്കൊപ്പം വിമലിന്റെ സഹോദരനും ഉണ്ടായിരുന്നു. ഈ വിമാനം പൈലറ്റ് ചെയ്യുന്നത് തന്റെ മകൻ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് വിമൽ പ്രത്യക്ഷപ്പെട്ട് അമ്മയെ വിളിക്കുന്നത് വിഡിയോയിൽ കാണാം. അത് തന്റെ മകനാണെന്ന് വിശ്വസിക്കാനാവാതെ ആ സ്ത്രീ ഹൃദ്യമായി ചിരിച്ചുകൊണ്ട് വിമലിനെ കെട്ടിപ്പിടിച്ചു.”അമ്മയുടെ കണ്ണുകളിൽ അഭിമാനം കാണുന്നതിന്റെ വികാരത്തെ മറികടക്കാൻ ഒന്നുമില്ല… ” എന്ന ക്യാപ്ഷനൊപ്പമാണ് വിമൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം വിമൽ തന്റെ ജീവിതയാത്രയും കുറിച്ചിട്ടുണ്ട്. ” ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ഞാൻ അമ്മയോട് പറയുന്നത്. 21 വർഷങ്ങൾക്കു ശേഷം അമ്മയെ അത്ഭുതപ്പെടുത്താനുള്ള അവസരം കിട്ടി. അമ്മ എന്റെ സഹോദരനൊപ്പം കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു. ഞാനാണ് ഈ ഫ്ലൈറ്റിൽ പൈലറ്റ് എന്ന് അവർക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നെക്കണ്ടതും അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയ ഫ്ലൈറ്റ് ആണിത്…. ” വിമൽ കുറിച്ചു.
വീഡിയോയ്ക്ക് 1.3 ദശലക്ഷം പേർ കണ്ടു, നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകൾ കമന്റും ചെയ്തിട്ടുണ്ട്. ” അമ്മയുടെ സന്തോഷം ശരിക്കും മധുരമുള്ള ഒന്നാണ്, ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനമായിരിക്കും എന്നതടക്കമാണ് കമന്റുകൾ.
Watch Video
https://www.instagram.com/reel/CyZ_pFnoYCU/?utm_source=ig_web_copy_link