നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കാണുക, ഇഷ്ടമുള്ളിടത്തൊക്കെ നോക്കുക, പക്ഷേ എന്റെ ദേഹത്ത് തൊടരുത്…! ഒരു പക്ഷേ ഇന്ത്യയിലെ കാബറേ നര്‍ത്തകികളുടെ മുന്‍ഗാമി എന്നറിയപ്പെട്ട മിസ് ഷെഫാലി താന്‍ കാബറേ നൃത്തം ചെയ്തിരുന്ന കാലത്ത് പറഞ്ഞ വാക്കുകളാണ് ഇത്. ഒരു കാബറേ നര്‍ത്തകിയുടെ തൊഴില്‍ ആളുകളുടെ നെറ്റി ചുളിപ്പിക്കുന്നുണ്ടെങ്കിലും മിസ് ഷെഫാലി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിരുന്നില്ല. അക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
‘ബംഗാളിലെ ഹെലന്‍’, കല്‍ക്കട്ടയുടെ ‘ക്വീന്‍ ഓഫ് കാബറേ’ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട ആരതി ദാസ് 60കളിലും 70കളിലും കല്‍ക്കട്ടയിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നായിരുന്നു. ”എനിക്ക് ശരീരമുണ്ടെന്ന് എനിക്കറിയാം, എന്റെ നെഞ്ച്, എന്റെ അരക്കെട്ട്, കൈകാലുകള്‍, എന്റെ മുടി… എന്റെ പുഞ്ചിരിയോ നോട്ടമോ പോലും മറ്റുള്ളവരുടെ ഹൃദയമിടിപ്പ് കൂട്ടിയേക്കാം. ഞാന്‍ ഹോട്ടലുകളില്‍ കാബറെ ചെയ്യാറുണ്ട്. പക്ഷേ എനിക്ക് താല്‍പ്പര്യമില്ലെങ്കില്‍ ആര്‍ക്കും എന്നെ തൊടാന്‍ കഴിയില്ല. അത് വ്യക്തമാണ്.” അവര്‍ പറഞ്ഞു.
ഇന്ത്യയിലെ ഒരേയൊരു കാബറേ ഡാന്‍സ് ഫ്ളോര്‍ അക്കാലത്ത് കല്‍ക്കത്തയിലെ ഫിര്‍പോയില്‍ ആയിരുന്നു. 1960-കള്‍ വരെ കൊല്‍ക്കത്തയിലെ ഉന്നതര്‍ തങ്ങളുടെ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഒത്തുകൂടുന്നത് ഇവിടെയായിരുന്നു. ഫിര്‍പോയിലെ കാബറേ രംഗം അവര്‍ അടക്കിഭരിച്ചു. ഇവിടുത്തെ കാബറേ പ്രകടനങ്ങള്‍ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് മാത്രമുള്ളതായിരുന്നു. ഹോട്ടലിലെ ലിഡോ റൂമില്‍ ആറ് കാബറേ പ്രകടനങ്ങള്‍ മാത്രമേ നടക്കൂ, മിസ് ഷെഫാലി എന്ന പേരില്‍ അറിയപ്പെടുന്ന ആരതിയായിരുന്നു ഏറ്റവും ജനപ്രിയ കാബറേ താരം.
വിഭജനകാലത്ത് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബത്തനൊപ്പം എല്ലാം ഉപേക്ഷിച്ച് വന്ന ആരതിയെ ദാരിദ്ര്യം ചൗരിംഗിയിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ വീട്ടില്‍ വീട്ടുജോലിക്കാരിയാക്കി. എലൈറ്റ് പാര്‍ട്ടികളുടെ തിളക്കം അവളെ ആകര്‍ഷിച്ചു, പണം സമ്പാദിക്കാനുള്ള ആശയില്‍ അവള്‍ ഫിര്‍പോയില്‍ ചേര്‍ന്നു. 13ാം വയസ്സില്‍ ജോലിക്കെത്തിയ അവര്‍ ഒരു കാബറേ നര്‍ത്തകിയായി യാത്ര തുടങ്ങി. പിന്നീട് കല്‍ക്കട്ടയിലെ ക്യാബറേ റാണിയായി മാറിയ ആരതിദാസ് കാബറേയില്‍ പേരെടുത്തതോടെ മിസ് ഷെഫാലി എന്ന സ്റ്റേജ് നാമം സ്വീകരിച്ചു. താമസിക്കാന്‍ ഒരു ഹോട്ടല്‍ മുറിയും 700 രൂപ രാജകീയ ശമ്പളവും കിട്ടി.
തൊഴിലിന്റെ ഭാഗമായി, അവള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി, ഉന്നതരുടെ സാമൂഹിക മര്യാദകളും പെരുമാറ്റ രീതിയും പഠിച്ചു. ചാള്‍സ്റ്റണ്‍, ക്യാന്‍-കാന്‍, ട്വിസ്റ്റ്, ഹവായിയന്‍ ഹുല, ബെല്ലി ഡാന്‍സ് എന്നിവയുള്‍പ്പെടെ വിവിധ പാശ്ചാത്യ നൃത്തരൂപങ്ങളില്‍ പരിശീലനം നേടി. താമസിയാതെ അവര്‍ കൊളോണിയല്‍ കല്‍ക്കത്തയിലെ ഒരു സെന്‍സേഷനും ഐക്കണുമായി മാറി. കല്‍ക്കട്ടയില്‍ ഒരു പ്രൊഫഷണല്‍ നര്‍ത്തകിയായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമായിരുന്നു. അമ്മാവന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന അനാഥയാണെന്ന് അവകാശപ്പെട്ട് അവള്‍ തന്റെ ഐഡന്റിറ്റി ഉണ്ടാക്കി. പിന്നീട് സിനിമയിലും നാടകത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു.
ചൗരിംഗി, രംഗിണി, സാമ്രാട്ട് സുന്ദരി, സാഹിബ് ബീബി ഔര്‍ ഗുലാം തുടങ്ങിയ നാടകങ്ങളുടെ ഭാഗമായിരുന്ന ഷെഫാലി സത്യജിത് റേയുടെ പ്രതിധ്വന്തി (1970), സീമബദ്ധ (1971) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ‘നിങ്ങള്‍ ബംഗാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ്, എന്തിനാണ് ഹോട്ടലില്‍ നൃത്തം ചെയ്യുന്നത്?’ എന്ന് പറഞ്ഞ് ഒരിക്കല്‍ ഒരു ഉദ്യോഗസ്ഥന്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതിന് അവള്‍ മറുപടി പറഞ്ഞു, ‘ഒരു വേലക്കാരിയായി ജോലി ചെയ്യുന്നതാണ് തന്നെയാണ് കൂടുതല്‍ മാന്യത’.
2020-ല്‍ കല്‍ക്കത്തയില്‍വച്ച് തന്റെ എഴുപത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ ഈ ലോകമത്താട് വിടപറഞ്ഞു.