ഒക്ടോബര്‍ 12 ന് തിരുച്ചിറാപ്പള്ളിയില്‍ നിന്ന് 141 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന് സങ്കേതിക തകരാര്‍ നേരിട്ടു. തിരുച്ചിറപ്പള്ളിയില്‍ തിരികെ ഇറക്കാനായി ശ്രമിക്കുന്നതിന് മുമ്പ് ഇന്ധന ഭാരം കുറയ്ക്കാന്‍ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടതായി വന്നു. എന്നാല്‍ ഒരു അപകടവും ഇല്ലാതെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ്മാര്‍ക്ക് സാധിച്ചു. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ്മാരില്‍ ഒരാളായിരുന്നു മൈത്രേയി. സമൂഹ മാധ്യമങ്ങളും തമിഴ്നാട് ഗവര്‍ണറുമെല്ലാം ഒരുപോലെ പൈലറ്റ്മാരെ പ്രശംസിച്ചു.
മകള്‍ പറത്തുന്ന വിമാനം സാങ്കേതിക തകരാര്‍ നേരിട്ടുവെന്ന ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത മൈത്രേയിയുടെ മാതാപിതാക്കളും അറിഞ്ഞു. അത് ഒരു നെഞ്ചിടിപ്പോടെയാണ് അവര്‍ കേട്ടത്. ശ്രീകൃഷ്ണയുടെയും രുഗ്മണിയുടെയും മൂത്ത മകളാണ് മൈത്രേയി. ഷാര്‍ജയിലേക്കുള്ള വിമാനത്തിന് സാങ്കേതിക തകരാറുണ്ടായപ്പോള്‍ മൈത്രേയിയുടെ ഇളയ സഹോദരി പഠിക്കാനായി ജര്‍മനിയിലേക്ക് പോവുകയായിരുന്നു. അതിനാല്‍ തന്നെ മകളെ യാത്രയാക്കുന്ന തിരക്കിനിടയില്‍ കുടുംബത്തിന് ഈ സംഭവത്തിനെപറ്റി യതൊരു അറിവും ഉണ്ടായില്ല. വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം മൈത്രേയി തന്നെയാണ് അമ്മയെ സംഭവം വിളിച്ച് പറഞ്ഞത്. ഇത് അറിഞ്ഞതിന് പിന്നാലെ ശരീരമാകെ സ്തംഭിച്ചുപോയിയെന്ന് രുഗ്മണി പറയുന്നു.അതേ സമയം മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു.
വളരെ അധികം ആത്മധൈര്യത്തോടെ ഈ സംഭവത്തിനെ നേരിട്ടത് തങ്ങളുടെ മകളുടെ കഴിവിന്റെ പൂര്‍ണതയായി കാണുന്നു. അന്ന് ഏതാണ്ട് 50 ലധികം കോളുകള്‍ വന്നിരുന്നു. അധികവും മകള്‍ക്ക് ആശംസകള്‍ അറിയിച്ചായിരുന്നു.
മകള്‍ക്ക് പൈലറ്റ് ആകണമെന്ന് പറഞ്ഞപ്പോള്‍ ഈ മാതാപിതാക്കള്‍ തടസ്സം നില്‍ക്കാതെ അവളുടെ സ്വപ്നത്തിന് ചിറക് നല്‍കി.
ചെറുപ്പം മുതല്‍ മൈത്രേയി കണ്ണട ഉപയോഗിക്കുന്ന ആളായതിനാല്‍ പൈലറ്റ് ആകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആകുമോയെന്ന് സംശയം കരിയറില്‍ ഉണ്ടായിരുന്നതായി അമ്മ രുഗ്മണി പറയുന്നു. ന്യൂസിലാന്‍ഡില്‍ ഡുനെഡിനിലുള്ള മെയിന്‍ലാന്‍ഡ് ഏവിയേഷന്‍ കോളജില്‍ നിന്നാണ് മൈത്രേയി കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്.