Oddly News

വിമാനത്തിന് തീ പിടിച്ചു ; യാത്രക്കാരെ കാറ്റുനിറച്ച സ്ലൈഡ് ഉപയോഗിച്ച് തെന്നിച്ച് താഴെയിറക്കി- വീഡിയോ

പെഷവാര്‍: വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ സ്ളൈഡ് ഉപയോഗിച്ച് തെന്നിച്ച് താഴെയിറക്കി. പാകിസ്താനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച പാകിസ്താനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുമ്പോള്‍ റിയാദില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിലാണ് തീപിടുത്തം ഉണ്ടായത്. 276 യാത്രക്കാരും 21 ജീവനക്കാരും ഇതിലുണ്ടായിരുന്നു.

എല്ലാവരേയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും അതിവേഗം ഒഴിപ്പിക്കുന്നതിനായി പടിക്കെട്ടുകള്‍ക്ക് പകരം ഒരു കാറ്റുനിറച്ച് വീര്‍പ്പിക്കാവുന്ന സ്ലൈഡ് ഉപയോഗിച്ചായിരുന്നു നിലത്തിറക്കിയത്. ബാഗുകളുമായി യാത്രക്കാര്‍ നിരങ്ങി ഇറങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. യാത്രക്കാരെ വേഗത്തില്‍ താഴെയിറക്കാന്‍ വേണ്ടിയാണ് സ്ളൈഡ് ഉപയോഗിച്ചത്. യാത്രക്കാരില്‍ ചിലര്‍ ഇരുന്നും കിടന്നുമാണ് താഴേയ്ക്ക് വരുന്നത്. ചിലര്‍ തല കീഴായും നിലത്തെത്തുന്നുണ്ട്.

റിയാദില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിന് വ്യാഴാഴ്ച പാക്കിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴായിരുന്നു തീപിടുത്തം. പെഷവാറിലെ ബച്ചാ ഖാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഇടത് വശത്തെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് പുകയും തീപ്പൊരിയും പുറപ്പെടുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കാണുകയും ഉടന്‍ പൈലറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തെ അറിയിക്കുകയും അവര്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനത്തെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.