Movie News

ആരതിയുടെ ചിത്രങ്ങള്‍ ജയംരവി പേജില്‍ നിന്നും എടുത്തുമാറ്റി ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു

രണ്ടുദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ജയം രവി ഇപ്പോള്‍ ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട ദാമ്പത്യമാണ് ജയംരവി അവസാനിപ്പിച്ചത്്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ജയംരവി മെറ്റയെ സമീപിച്ചിരിക്കുകയാണ്.

മുമ്പ് ആരതി നിയന്ത്രിച്ചിരുന്ന തന്റെ പേജിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയംരവി മെറ്റയെ സമീപിച്ചിരിക്കുന്നത്. അക്കൗണ്ട് തിരിച്ച് അവകാശപ്പെട്ട ജയം രവി ആരതിയുടെ ചിത്രങ്ങളും പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതെല്ലാം താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കരുത്ത് കൂട്ടുന്നതാണ്.

അതേസമയം ജയംരവിയുടെ വിവാഹമോചനത്തിന് കാരണം ഒരു ഗായികയുമായുള്ള ജയംരവിയുടെ ബന്ധമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കുടുംബം രംഗത്ത് വന്നിട്ടുണ്ട്. മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ആരതിയുമായുള്ള വിവാഹമോചനത്തിന് നിയമപരമായ ഹര്‍ജി നല്‍കിയ ജയം രവില്‍ മക്കളായ ആരവിന്റെയും അര്‍ണവിന്റെയും കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യത്തിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജയം രവിയുടേയും ആരതിയുടേയും വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും ആരാധകര്‍ക്ക് അജ്ഞാതമാണ്.

2009 ലായിരുന്നു ജയംരവിയും ആരതിയും പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ടു കുടുംബങ്ങളും ഇരുവരുടേയും പ്രണയം അംഗീകരിക്കുകയും വിവാഹത്തിന് അനുവദിക്കുകയുമായിരുന്നു. ആരാധകര്‍ക്ക് പോലും പ്രചോദനമായിരുന്ന ഇരുവരുടേയും പ്രണയമാണ് അപ്രതീക്ഷിതമായി മാറിമറിഞ്ഞ് അതേ ആരാധകരെ ഞെട്ടിക്കുകയും കഥകള്‍ മെനയാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നത്.