Lifestyle

ഗാസയിലെ ജനം ജീവിക്കാന്‍ ശ്‌മശാനങ്ങളിലേക്ക്‌… കുട്ടികള്‍ വളരുന്നത് കല്ലറകള്‍ക്കിടയില്‍

ഗാസ: വെടിനിര്‍ത്തലിനെ തുടര്‍ന്നു ഗാസ നഗരത്തിലേക്കു മടങ്ങിയ ജനം ജീവിക്കാനായി ശ്‌മശാനങ്ങളിലേക്ക്‌… അവിടെ കൂട്ടിയെടുക്കുന്ന കൂടാരങ്ങളിലാണു പലരുടെയും താമസം. യുദ്ധത്തില്‍ ഗാസയിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നു. അതോടെ ലക്ഷക്കണക്കിന്‌ പലസ്‌തീനികളാണു ഭവന രഹിതരായത്‌. അവശിഷ്‌ടങ്ങള്‍ നീക്കി അവരുടെ പഴയവീടുകള്‍ താമസയോഗ്യമാക്കാന്‍ ഏറെ സമയമെടുക്കും. വെടിനിര്‍ത്തല്‍ സംബന്ധിച്ച അനിശ്‌ചിത്വവും വീടുകളുടെ അറ്റകുപ്പണികള്‍ വൈകിക്കാന്‍ കാരണമാകുന്നത്‌. ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളിലാണു പലരുടെയും താമസം. അവിടെയും ഇടംപോരാത്തതിനാലാണു പലരും ശ്‌മശാനങ്ങളിലേക്ക്‌ താമസം മാറ്റന്നത്‌.

‘നിസഹായാവസ്‌ഥ കൊണ്ടാണു ഞങ്ങള്‍ ശ്‌മശാനങ്ങളെ അഭയസ്‌ഥാനങ്ങളായി കാണുന്നത്‌. ലഭ്യമായ അവസാനത്തെ സൗജന്യ സ്‌ഥലമാണിവിടം’- ഖാന്‍ യൂനിസിലെ ശ്‌മശാനത്തില്‍ താമസിക്കുന്നവരിലൊരാള്‍ പറഞ്ഞു.
വടക്കന്‍ ഗാസയിലെ ബെയ്‌റ്റ്‌ ഹാനൂന്‍ പട്ടണത്തില്‍നിന്ന്‌ കുടിയിറക്കപ്പെട്ട റാമി മുസ്ലെഹും ശ്‌മശാനത്തിലാണ്‌ അഭയം കണ്ടത്‌. ‘മനസിന്‌ ഏറെ ഭാരമുണ്ട്‌. കല്ലറകള്‍ക്കിടയില്‍ കുട്ടികളെ വളര്‍ത്തേണ്ടി വരുന്ന അവസ്‌ഥ വേദനാജനകമാണ്‌’- അദ്ദേഹം പറഞ്ഞു.
‘മരിച്ചവര്‍ക്ക്‌ വേണ്ടി വിശുദ്ധമായിരുന്ന ശ്‌മശാനങ്ങള്‍, ഇപ്പോള്‍ ജീവിക്കുന്നവരുടെ ദുരിതത്തിനു നിശ്‌ശബ്‌ദ സാക്ഷികളാണ്‌. കുടിവെള്ളമില്ല, വൈദ്യുതിയില്ല, സ്വകാര്യതയുമില്ല… അതിജീവിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ മാത്രം. ഗാസയില്‍, മരിച്ചവര്‍ക്കുള്ള സ്‌ഥലം പോലും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഏക ആശ്രയമായി മാറിയിരിക്കുന്നു’- അദ്ദേഹം തുടര്‍ന്നു.
ഐക്യരാഷ്‌ട്രസംഘടനയുടെ കണക്കനുസരിച്ച്‌, യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനത്തോളം, അതായത്‌ 19 ലക്ഷം ആളുകള്‍ പലായനം ചെയ്‌തു. പലരും പലതവണ… ചിലര്‍ 10 തവണയെങ്കിലും കുടിയിറക്കപ്പെട്ടു.
പലസ്‌തീന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ കണക്കനുസരിച്ച്‌, 6.1 കോടി ടണ്‍ മാലിന്യങ്ങള്‍ ഗാസയില്‍ നിറഞ്ഞിരിക്കുന്നു. ഈ മാസം 10 മുതല്‍ ദുര്‍ബലമായ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, ഇസ്രായേല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായം കര്‍ശനമായി നിയന്ത്രിക്കുകയാണ്‌.
സഹായം പ്രധാനമായും കരം അബു സാലെം (കെരെം ഷാലോം) ക്രോസിങ്‌ വഴിയാണ്‌ ഗാസയുടെ മധ്യ, തെക്കന്‍ ഭാഗങ്ങളിലേക്ക്‌ എത്തുന്നത്‌. വടക്കന്‍ ഭാഗത്തുള്ള ഒരു ക്രോസിങ്ങും തുറന്നിട്ടില്ല.