അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു.
1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. അത് കളിക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കും. അതാണ് എന്റെ അഭിപ്രായത്തില്‍ വലിയ തടസ്സം.” ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഈ അമിത പ്രതീക്ഷകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍, ടീം വളരെയധികം മുന്നോട്ട് പോകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഡിവില്ലിയേഴ്‌സ് കരുതുന്നു.
ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പുകഴ്ത്താനും എബിഡി മറന്നില്ല. ഏകദിന ബാറ്റിംഗ് റെക്കോഡുകള്‍ തകര്‍ക്കാന്‍ സൂര്യകുമാര്‍ യാദവിന് ഒരു ചെറിയ മാനസികാവസ്ഥ മാത്രമേ ആവശ്യമുള്ളൂവെന്നും പറഞ്ഞു. സൂര്യകുമാറിന്റെ ഏകദിന ബാറ്റിങ് ശരാശരി 24.33 ആണ്. ‘ലോകകപ്പ് ടീമില്‍ സൂര്യയെ കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ഞാന്‍ സൂര്യകുമാറിന്റെ വലിയ ആരാധകനാണെന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ കളിച്ചതിന് സമാനമായ രീതിയിലാണ് അദ്ദേഹം കളിക്കുന്നത്, പക്ഷേ ഏകദിനങ്ങളില്‍ അദ്ദേഹം ഇതുവരെ മികവ് നേടിയിട്ടില്ല.
”ഇത് ഒരു ചെറിയ മൈന്‍ഡ് സ്വിച്ച് ആണ്, അത് ചെയ്യാന്‍ ആവശ്യമായ കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. ഈ ലോകകപ്പില്‍ അദ്ദേഹത്തിന് ഈ അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അത് സംഭവിക്കം എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍, അദ്ദേഹം ഉള്‍പ്പെടാന്‍ സാധ്യത ഇല്ല. എന്നാല്‍ ലോകകപ്പ് ഒരു നീണ്ട ടൂര്‍ണമെന്റാണ്. എന്തു സംഭവിക്കുമെന്ന് നോക്കാം.” അദ്ദേഹം പറഞ്ഞു.