Featured Oddly News

കപ്പല്‍ തകര്‍ന്ന് ദ്വീപില്‍ നീന്തി കയറി; പിന്നീട് കാള്‍ ദ്വീപിന്റെ ഭൂപതിയായി, രാജാവായി മാറിയ നാവികന്റെ കഥ

1877-ല്‍ സ്വീഡനിലാണ് കാള്‍ എമില്‍ പെറ്റേഴ്സന്റെ ജനനം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്വീഡന്‍ വ്യാവസായിക മാറ്റത്തിന്റെ നടുവിലായിരുന്നു, അദ്ദേഹത്തിന്റെ തലമുറയിലെ പല യുവാക്കളെയും പോലെ, കാള്‍ അസ്വസ്ഥനായിരുന്നു. വെറും പതിനാറാം വയസ്സില്‍ അദ്ദേഹം ഒരു നാവികനായി മാറാനായി വീട് വിട്ടു . എന്നാല്‍ അന്ന് അയാള്‍ അറിഞ്ഞില്ല, താന്‍ തിരികെ വരുന്നത് ഒരു രാജാവായിട്ടായിരിക്കും എന്നത്.

അലറിയടിക്കുന്ന കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കാനും, കരയില്‍ നിന്ന് വിട്ട് മാസങ്ങള്‍ കടലില്‍തന്നെ ജീവിക്കാനും, ഉപ്പിട്ട മാംസവും കട്ടിയുള്ള അപ്പവും മാത്രം കഴിച്ച് അതിജീവിക്കാനും അദ്ദേഹം പഠിച്ചു. 1900-കളുടെ തുടക്കത്തില്‍, ദക്ഷിണ പസഫിക്കില്‍ ഒരു ജര്‍മ്മന്‍ കപ്പലില്‍ സേവനമനുഷ്ഠിക്കുമ്പോള്‍, പാപുവ ന്യൂ ഗിനിയയുടെ ഭാഗമായ തബാര്‍ ദ്വീപിന്റെ തീരത്തുവച്ച് അദ്ദേഹത്തിന്റെ കപ്പല്‍ തകര്‍ന്നു. പെറ്റേഴ്സണെ സംബന്ധിച്ചിടത്തോളം, അതിജീവനം കഥയുടെ തുടക്കം മാത്രമായിരുന്നു.

ദിശാബോധം നഷ്ടപ്പെട്ട് അദ്ദേഹം ആദ്യമായി കരയിലേക്ക് കയറിയപ്പോള്‍, അദ്ദേഹത്തെ സംശയത്തോടെ നോക്കുന്ന ദ്വീപുവാസികളെയാണ് കണ്ടത്. തബാറിലെ ജനങ്ങള്‍ അക്കാലത്ത് നരഭോജനം നടത്തിയിരുന്നു. വിളറിയ ചര്‍മ്മവും തുളച്ചുകയറുന്ന നീലക്കണ്ണുകളുമുള്ള വിചിത്രനായ വിദേശിയെ അവര്‍ കടലമ്മ അയച്ചതാണെന്ന് വിശ്വസിച്ചു. കൊല്ലുന്നതിനുപകരം, അവര്‍ അയാളെ രക്ഷിച്ചു. ആ തീരുമാനം പെറ്റേഴ്‌സണിന്റെ ജീവിതം മാറ്റിമറിച്ചു.

തബാര്‍ ദ്വീപുവാസികളുടെ ജീവിതവുമായി പീറ്റേഴ്‌സണ്‍ പെട്ടെന്ന് പൊരുത്തപ്പെട്ടു. അദ്ദേഹത്തിന്റെ ശക്തമായ ശരീരഘടന, ആകര്‍ഷണീയത, പ്രാദേശിക ആചാരങ്ങളോട് ഇണങ്ങിച്ചേരാനുള്ള സന്നദ്ധത എന്നിവ അദ്ദേഹത്തിന് അവര്‍ക്കിടയില്‍ ബഹുമാനം നേടിക്കൊടുത്തു. താമസിയാതെ, പ്രാദേശിക രാജാവായ ലാമിയുടെ മകളായ സിംഗ്‌ഡോയുടെ ശ്രദ്ധ പിടിച്ചുപറ്റി പീറ്റേഴ്‌സണ്‍. 1907-ല്‍, കാളും സിംഗ്‌ഡോയും വിവാഹിതരായി. പിന്നീട് തേങ്ങാ വ്യവസായത്തിലേക്ക് ഇറങ്ങിയ ലാമി തെങ്ങിന്‍ തോട്ടം ആരംഭിക്കുകയും അക്കാലത്തെ പസഫിക് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കൊപ്ര വ്യാപാരത്തില്‍ ഇറങ്ങുകയും ചെയ്തു. കൊപ്ര, ഉണങ്ങിയ തേങ്ങാ എന്നിവ യൂറോപ്പിലേക്ക് കയറ്റി അയച്ചു. വര്‍ഷങ്ങള്‍ കഴിയുന്തോറും ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചു.

അദ്ദേഹം പ്രാദേശിക തൊഴിലാളികളോടൊപ്പം ജോലി ചെയ്തു. ഒരു ദാതാവും നേതാവുമായി സ്വയം സ്ഥാപിച്ചു. ലാമിക്കും സിംഗ്‌ഡോയ്ക്കും എട്ടു കുട്ടികളുണ്ടായി. ലാമി രാജാവ് മരിച്ചപ്പോള്‍ അസാധാരണമായ ഒരു നീക്കത്തില്‍ ദ്വീപ് നിവാസികള്‍ പെറ്റേഴ്‌സണെ അവരുടെ പുതിയ രാജാവായി തിരഞ്ഞെടുത്തു. എന്നാല്‍ ഒരു യക്ഷിക്കഥയും ശാശ്വതമായി നിലനില്‍ക്കില്ല. 1921-ല്‍, കാളിന്റെ പ്രിയപ്പെട്ട ഭാര്യ സിംഗ്‌ഡോ പ്രസവത്തെത്തുടര്‍ന്ന് മരിച്ചു. അവളുടെ മരണം അദ്ദേഹത്തെ തകര്‍ത്തു. അവളില്ലാതെ, ദ്വീപിലെ അദ്ദേഹത്തിന്റെ സ്ഥാനം ദുര്‍ബലമായി, അദ്ദേഹത്തിന്റെ വ്യക്തിജീവിതം കഷ്ടത്തിലായി. അടുത്ത വര്‍ഷം, അദ്ദേഹം സ്വീഡനിലേക്ക് തിരികെ പോയി. അവിടെ വെച്ച് അദ്ദേഹം ജെസ്സി ലൂയിസ സിംപ്സണെ കണ്ടുമുട്ടി, 1923-ല്‍ അദ്ദേഹം അവരെ വിവാഹം കഴിച്ചു.

ജെസ്സി അദ്ദേഹത്തോടൊപ്പം തബാറിലേക്ക് മടങ്ങി, കാര്യങ്ങള്‍ പഴയതുപോലെയായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ തോട്ടം ക്ഷയിച്ചു, ആഗോള കൊപ്രവിപണി ചാഞ്ചാട്ടത്തിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമേ, ഉഷ്ണമേഖലാ പ്രദേശങ്ങളുടെ വിപത്തായ മലേറിയയും കാളിനെയും ജെസ്സിയെയും ബാധിച്ചു ഇരുവരും മരണത്തിന് കീഴടങ്ങി. രാജാവായി മാറിയ നാവികന്റെ കഥ അങ്ങനെ അവസാനിച്ചു.