Health

എന്താണ് പാനിക്ക് അറ്റാക്ക്? കാരണങ്ങളും പ്രധാന ലക്ഷണങ്ങളും

വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്. ദൈനംദിന ജോലികളോ മറ്റോ ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് ഇത് നമ്മളെ കൊണ്ടെത്തിക്കുന്നു. ഒരാഴ്ചയില്‍ തന്നെ നിരവധി തവണ ഇതേ അവസ്ഥ ഉണ്ടാകുന്നു. ഈ അസ്വസ്ഥതയില്‍ നിന്നും രക്ഷനേടാനായി ചിലര്‍ ബാഹ്യ സമ്പര്‍ക്കമെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഇത്തരം അവസ്ഥയാണ് പാനിക് അറ്റാക്ക്.

ഈ അവസ്ഥയുള്ള ചിലര്‍ ഹൃദയസ്തംഭനം ആണെന്ന പേടിമൂലം ആശുപത്രികളില്‍ ചികിത്സ തേടാറുണ്ട്. തനിക്ക് ഇനിയുള്ള രക്ഷ ആശുപത്രിയില്‍നിന്ന് മാത്രമേ ലഭ്യമാകുയെന്ന തോന്നലാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്. ഇത്തരം ഒരു അവസ്ഥയ്ക്കുള്ള ശരിയായ കാരണം ഇപ്പോളും വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേക്കുറിച്ച് ഇപ്പോളും ഗവേഷണങ്ങള്‍ നടക്കുകയാണ്. ഇപ്പോഴുള്ള അറിവനുസരിച്ച് ദീര്‍ഘനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാട്, പാരമ്പര്യം, ജീവിത സാഹചര്യങ്ങള്‍, ചില വ്യക്തികളുടെ പ്രത്യേകത എന്നിവ ഈ അവസ്ഥക്ക് കാരണമാകാറുണ്ട്.

വിശദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് തെളിഞ്ഞാല്‍ ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണ് ഇതിന് അഭികാമ്യം. അസ്വസ്ഥമായ ചിന്തകളെകുറിച്ചും, പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെ കുറിച്ചും അദ്ദേഹത്തോട് വിശദമായി ചോദിച്ച് മനസിലാക്കുക. കൂടാതെ മറ്റ് മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയുകയും വേണം. കൂടാതെ ഔഷധ ചികിത്സയിലൂടെയും ഈ രോഗം മാറ്റിയെടുക്കാന്‍ സാധിക്കും.

പാനിക്ക് അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

  • ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക
  • പെട്ടെന്നുണ്ടാവുന്ന ഭയം
  • അമിതമായി വിയര്‍ക്കുക
  • ഹൃദയമിടിപ്പ് ക്രമാതീതമാവുക
  • പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക
  • കുഴഞ്ഞു പോവുന്നതു പോലെ തോന്നുക
  • നെഞ്ചുവേദന
  • ശരീരത്തിന് മരവിപ്പ്
  • ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട്
  • തലകറക്കം