Oddly News Wild Nature

ഈ പക്ഷി ഒരു ഭീകരന്‍തന്നെ; മനുഷ്യനെ കണ്ടാല്‍ കണ്ണ് ചൂഴ്ന്നെടുക്കും- വീഡിയോ

സാധാരണ പക്ഷികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പക്ഷിയാണ് മാഗ്പൈ പക്ഷികള്‍. ഇവയ്ക്ക് കണ്ണില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാനും ശബ്ദങ്ങള്‍ അനുകരിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ സങ്കടപ്പെടാനുമൊക്കെ സാധിക്കും. ഇവയുടെ ഈ കഴിവ് പലപ്പോഴും മനുഷ്യരെവരെ അത്ഭുതപ്പെടുത്താറുണ്ട്. പോലീസ് വാഹനത്തിന്റെ സൈറന്‍ അതുപോലെ അനുകരിക്കുന്ന ഒരു മാഗ്പൈ പക്ഷിയുടെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും അടുത്തിടെ പുറത്തുവന്നിരുന്നു. അത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം മനുഷ്യന്റെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുന്ന ഭീകരന്മാരാണ് ഇവര്‍.

യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഭാഗത്തായി വ്യത്യസ്ത ഇനത്തിലുള്ള മാഗ്പൈ പക്ഷികളെ കാണാന്‍ സാധിക്കും. എന്നാല്‍ ഏറ്റവും അപകടകാരികളുള്ളത് ഓസ്ട്രേലിയയിലാണ്. ഇവ മനുഷ്യന്റെ കണ്ണിനെ ലക്ഷ്യമാക്കി നടത്തിയ പല ആക്രമണങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രേലിയക്കാരിയായ ഒരു ഇന്‍ഫ്ളുവന്‍സറെ മാഗ്പൈ പക്ഷികള്‍ ആക്രമിച്ച് കണ്ണുകള്‍ക്ക് സാരമായി പരിക്കേല്‍പ്പിച്ചത്. ക്യാമറയുമായി നടന്നു നീങ്ങുന്നതിനിടെ പെട്ടെന്നാണ് പറന്നു വന്ന മാഗ്പൈ പക്ഷികള്‍ യുവതിയുടെ വലതു കണ്ണിനുള്ളില്‍ കൊത്തി നേത്രഗോളം ചൂഴ്ന്നെടുക്കാന്‍ ശ്രമിച്ചത്. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പക്ഷിയുടെ കൊക്ക് പൂര്‍ണമായും കണ്‍തടത്തിന് ഉള്ളിലേയ്ക്ക് ഇറങ്ങിയതായും കാണാം. തുടര്‍ന്ന് കണ്ണിന് അസ്വസ്ഥതകള്‍ നേരിട്ടത്തോടെ വൈദ്യ സഹായം തേടുകയായിരുന്നു.

വീണ്ടും ഇത്തരത്തിലുള്ള പല സംഭവങ്ങളും ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിഡ്നിയുടെ കിഴക്കന്‍ മേഖലയില്‍ മറ്റൊരു സ്ത്രീയുടെ കണ്ണ് ലക്ഷ്യമാക്കി മാഗ്പൈ ആക്രമണം നടത്തിയിരുന്നു. പിന്നാലെ അവര്‍ വൈദ്യസഹായം തേടുകയായിരുന്നു. പക്ഷിയുടെ കൊക്കുകള്‍ ഉരഞ്ഞ് ഇവരുടെ കണ്ണിനുള്ളില്‍ മുറിവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.