മഞ്ഞും മലഞ്ചെരിവും തണുപ്പുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും തണുപ്പുമായി ഉത്തരേന്ത്യ തണുത്തു വിറച്ചപ്പോള്‍ കുളിരും തണുപ്പുമില്ലാതെ വരണ്ടുണങ്ങി കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗ്. സാധാരണഗതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ഡിസംബര്‍ അവസാനവും ജനുവരിയും കടന്നിട്ടും ഗുല്‍മാര്‍ഗിനെ തൊട്ടുതീണ്ടിയിട്ടില്ല.
ഓരോ വര്‍ഷവും മഞ്ഞും കുളിരും നുണയാന്‍ അനേകം വിനോദ സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ചയും തണുപ്പും ഇല്ലാതെ വരണ്ടുണങ്ങിയതോടെ സഞ്ചാരികളും അകന്നു നില്‍ക്കുകയാണ്. ജനുവരി മാസത്തിലെ കഠിനമായ ശൈത്യകാലത്തും താഴ്വരയില്‍ വരണ്ട കാലാവസ്ഥ കാണപ്പെട്ടു. ഈ സാഹചര്യം വിനോദസഞ്ചാരികളിലും പ്രദേശവാസികളിലും ഒരുപോലെ ആശങ്ക ഉയര്‍ത്തി. മഞ്ഞുവീഴ്ച കുറഞ്ഞത് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും വരണ്ട അവസ്ഥയിലാക്കി.
ഗുല്‍മാര്‍ഗില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഈ പ്രദേശത്തിന്റെ ശീതകാല മനോഹാരിത കാണാത്തതില്‍ നിരാശരായി. ജനുവരി 20 വരെ താഴ്വരയിലെ കാലാവസ്ഥ വരണ്ടതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗവും പറയുന്നു. ”കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി നേരത്തേയുള്ള മഞ്ഞുവീഴ്ചയുടെ ഒരു മാതൃക ഈ വര്‍ഷം കാണുന്നില്ല. ഡിസംബറിലും ജനുവരി ആദ്യവാരം മുഴുവന്‍ വരണ്ടതാണ്. നവംബര്‍ മുതല്‍ എല്‍ നിനോ നിലനിന്നിരുന്നു.” കശ്മീര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുക്താര്‍ അഹമ്മദ് നേരത്തേ എന്‍ഐയോട് പറഞ്ഞു,
കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തില്‍, മലയോര മേഖലകളില്‍ മഞ്ഞുവീഴ്ച ശരാശരിയിലും താഴെയായിരുന്നു. സമതലങ്ങളില്‍ മഞ്ഞുവീഴ്ച തീരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യം കശ്മീര്‍ താഴ്വരയില്‍ ജലക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധര്‍ കരുതുന്നു. ഇത് ഭക്ഷ്യ പ്രതിസന്ധിക്കും കാരണമായേക്കും. ഗുല്‍മാര്‍ഗിനെപ്പോലെ, പഹല്‍ഗാം, സോന്‍മാര്‍ഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശൈത്യകാലത്ത് മഞ്ഞുവീഴ്ചയില്ലായിരുന്നു. 2022 ഡിസംബര്‍ 30, 31 തീയതികളിലും 2023 ജനുവരി 4 നും താഴ്വരയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ വരണ്ടു പോയത്.