ദക്ഷിണേന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ ഏറെ പ്രിയങ്കരമായ വിഭവങ്ങളില്‍ ഒന്നാണ് ‘ചിക്കന്‍ 65’ നല്ല വെന്ത് മൊരിഞ്ഞ ചിക്കന്‍ കഴിക്കുമ്പോള്‍ കിട്ടുന്ന രുചിതേടി പലരും റെസ്റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും ഈ വിഭവം എവിടുന്നാണ് വന്നതെന്ന് അറിയാമോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരു നമ്പര്‍ കൂടി ചേര്‍ന്നുവരുന്ന അതിന്റെ കൗതുകകരമായ പേര് അതിന് കിട്ടാന്‍ കാരണമെന്താണെന്നറിയാമോ?
ചെന്നൈയിലെ മൗണ്ട്റോഡിലുള്ള ബുഹാരി ഹോട്ടലിലാണ് ചിക്കന്‍ 65 ന്റെ ജനനം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണശാലയുടെ മെനുവില്‍ ഇപ്പോഴും അതിന്റെ റെസിപ്പിയും പേരും ഉണ്ട്. ഹോട്ടലിന്റെ പൈതൃകം ചെന്നു നില്‍ക്കുന്നത് 1951 ലെ മദ്രാസ് ഷെരിഫ് ആയിരുന്ന എഎം ബുഹാരിയില് ആണ്. കൊളംബോയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഇടക്കാലത്ത് പാചകകലയോട് അസാധാരണമായ പ്രണയം തോന്നിയതാണ് ബുഹാരിഹോട്ടല് ചെന്നൈയില്‍ തുറക്കുന്നതിലേക്ക് നീണ്ടത്. ശ്രീലങ്കയില്‍ നിന്നും വന്ന അദ്ദേഹത്തിന്റെ തട്ടമായി തമിഴ്നാട്.
ഹോട്ടലില്‍ അദ്ദേഹം വിളമ്പിയ ഭക്ഷണത്തിന്റെ രുചിയും മണവും ആള്‍ക്കാരെ സാമൂഹ്യമായി അവിടെ ഒന്നിപ്പിച്ചു. വിഭങ്ങളുടെ എണ്ണം കൊണ്ടു നീണ്ടതായിരുന്നു ബുഹാരി ഹോട്ടലിന്റെ മെനു. ചെന്നൈയിലെ സൈനിക ക്യാമ്പുകളിലെ പട്ടാളക്കാരുടേയും ഇഷ്ടപ്പെട്ട ഭോജനശാലയി മാറാന്‍ ബുഹാരി ഹോട്ടലിന് അധികകാലം വേണ്ടി വന്നില്ല. പതിവായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന അവര്‍ക്ക് പക്ഷേ ആവശ്യത്തിന് സമയവും ഉണ്ടായിരുന്നില്ല. അതിനേക്കാര്‍ പ്രശ്നം ബുഹാരി ഹോട്ടലിലെ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലുള്ള ഭാഷാ തടസ്സമായിരുന്നു.
കൂട്ടത്തില്‍ ഒരു സൈനികന് ഹോട്ടലിന്റെ ഭക്ഷണമെനുവില്‍ 65 ാമതായി കിടന്നിരുന്ന ഒരു മൊരിഞ്ഞ ചിക്കന്‍ വിഭവം ഓര്‍ഡര്‍ ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചത് മെനുവിലെ നമ്പര്‍ മാത്രമാണ്. ആ വിഭവം ഇഷ്ടപ്പെട്ട അദ്ദേഹം പിന്നീട് എപ്പോള്‍ എത്തിയാലും നമ്പര്‍ കൂട്ടി വിഭവത്തിന് പേര് പറയാന്‍ തുടങ്ങി. ‘ചിക്കന്‍ 65’ എന്ന് അദ്ദേഹം നല്കിയ വിശേഷണം പിന്നീട് ഇന്ത്യന്‍ പാചകരംഗത്ത് വിഖ്യാതമായി പരിണമിച്ചു.
പിന്നീട് എല്ലാവരും ആ പേരില്‍ തന്നെ വിഭവം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ‘ചിക്കന്‍ 65’ പേര് പതിയെ എല്ലാവര്ക്കും ഇടയില്‍ സാധാരണമായി. കാലങ്ങള്‍ കടന്നുപോയപ്പോള്‍ നമ്പര്‍ കൂട്ടിയുള്ള പേരിലൂടെ വിഭവം കൂടുതല്‍ പ്രിയങ്കരമാകുകയും പേര് പ്രശസ്തി നേടുകയും ചെയ്തു.