അരികള്‍ പല തരത്തിലുണ്ട്. ചിലതിന് വേവിനായി അധികം സമയം ആവശ്യമാണ്. മറ്റ് ചിലതിനാവട്ടെ അധിക സമയം വേണ്ട. എന്നാല്‍ ഇതിലൊന്നുംപെടാതെ വേവിക്കുക പോലും വേണ്ടാത്ത അരിയെപ്പറ്റി നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ അരിയുണ്ട്.
അസാമില്‍ ഉല്‍പാദിപ്പിക്കുന്ന ഈ അരിയുടെ പേര് അഗോണിബോറ എന്നാണ്. അരി വെള്ളത്തില്‍ കുതിര്‍ത്തി വച്ചാല്‍ അവ കഴിക്കാനായി തയാറായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഇത് സൗകര്യപ്രദം മാത്രമല്ല പോഷക ഗുണങ്ങളും നിറഞ്ഞതാണ്.
അഗോണിബോറ അരി പ്രധാനമായും പടിഞ്ഞാറന്‍ അസാമിലെ ഗ്രാമപ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. തലമുറകളായി അസാമില്‍ വളർത്തുന്ന ബോറ സോള്‍ കുടുംബത്തില്‍പ്പെട്ട ഒരു അരിയാണ് ഇത്. പ്രദേശത്തിന്റെ തനതായ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമാണ് നെല്ലിനങ്ങള്‍. ഇത് അവയെ പോഷക സമൃദ്ധവും പ്രതിരോധ ശേഷിയുള്ളതുമാക്കുന്നു.
1992ല്‍ അസാമിലെ ടിറ്റബോര്‍ നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അഗോണിബോറ അരി വികസിപ്പിച്ചെടുത്തു. പരിമിതമായ പാചക സൗകര്യം മാത്രമുള്ള പ്രദേശങ്ങളില്‍ തീയില്ലാതെ തയ്യാറാക്കാനായി സാധിക്കുന്ന നെല്ലിനം സൃഷ്ടിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് ഈ അരി ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഒട്ടിപ്പിടിക്കുന്ന ഘടനയും വൃതിരിക്തമായ സുഗന്ധവും കാരണം പിത്തം പയോഖ് തുടങ്ങീ പരമ്പാരഗത ആസാമീസ് വിഭവങ്ങള്‍ ഉണ്ടാക്കാനായി അനുയോജ്യമാണ് ഇത്. ചൂടാക്കാത്തതിനാല്‍ അധികം പോഷകം നിലനില്‍ക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു, ഗ്ലൂട്ടന്‍ രഹിതവുമാണ്. കുറഞ്ഞ അളവില്‍ അമിലോസ് അടങ്ങിയതിനാല്‍ ഇത് വെള്ളത്തിലിട്ട് കുതിര്‍ത്താല്‍ മൃദുവാകുകയും വേവുകയും ചെയ്യുന്നു. ഇതിനെപ്പറ്റി അറിഞ്ഞതിന് പിന്നാലെ അസാമിന് പുറത്തും പല സ്ഥലത്തും ഇത് കൃഷിചെയ്യാനായി ആളുകള്‍ താല്‍പര്യം കാണിച്ചു.
കേരളത്തിലെ പാലക്കാട് അത്താച്ചി ഗ്രൂപ്പിന്റെ ഫാമില്‍ ഈ ഇനം ജൈവരീതിയില്‍ വളര്‍ത്തിയിട്ടുണ്ട്. 170 കിലോഗ്രാം വിളവും ലഭിച്ചു. ഈ നെല്‍ചെടി കൃഷിചെയ്യാനും എളുപ്പമാണ്. കൂടാതെ വൈക്കോല്‍ ഉല്‍പാദനവും വളരെ കുറവാണ്. ഇത് വിളവെടുപ്പും സംസ്‌കരണവും എളുപ്പമാക്കുന്നു.
അഗോണിബോറ അരി തയ്യാറാക്കാനായി തണുത്തവെള്ളത്തില്‍ 45 മിനിറ്റും അല്ല ഇനി ചെറുചൂടുള്ള വെള്ളത്തിലാണെങ്കില്‍ 15- 20 മിനിറ്റും അരി മുക്കിവയ്ക്കുക. അരി കുതിര്‍ന്ന് പൊങ്ങുന്നത് വരെ കാത്തിരിക്കുക. പിന്നീട് കറിയോടൊപ്പം ചേര്‍ത്ത് കഴിക്കാം.