Sports

കോഹ്ലിക്ക് ഒരു കിരീടത്തോടെ പടിയിറങ്ങാനാകുമോ? RCBയുടെ കിരീടവരള്‍ച്ച അവസാനിക്കുമോ?

ഒടുവില്‍ ആര്‍സിബി അവരുടെ വര്‍ഷങ്ങള്‍ നീണ്ട ടൈറ്റില്‍ വരള്‍ച്ച തകര്‍ക്കുന്ന വര്‍ഷമാകുമോ 2025. അവര്‍ ഒടുവില്‍ ആ ശാപമോക്ഷം മറികടക്കുമോ? ഉദ്ഘാടന പതിപ്പ് മുതല്‍ പിന്തുടരുന്ന പിടികിട്ടാത്ത കിരീടത്തില്‍ കോഹ്ലി ഒടുവില്‍ കൈ വയ്ക്കുമോ എന്നറിയാന്‍ ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ ഉത്തരം ലഭിക്കും. ക്വാളിഫയര്‍ 1 ല്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എട്ട് വിക്കറ്റിന് വിജയിച്ചതിന് ശേഷം ഇനി ‘ഒരെണ്ണം കൂടി പോകാനുണ്ട്’ എന്ന് കോഹ്ലി ആംഗ്യം കാണിക്കുന്നത് കണ്ടു.

ആര്‍സിബിയുടെ ഈ കുതിപ്പിന് പിന്നില്‍ ശരിക്കും ഈയൊരു മനുഷ്യനാണ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നയാളാണ് അദ്ദേഹം. ഇന്നലെ രാത്രിയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൈതാനത്ത് വിരാട് കാണിച്ച ആക്രമണോത്സുകതയും തീവ്രതയും അദ്ദേഹത്തെ രക്തം രുചിച്ച മുറിവേറ്റ സിംഹത്തെപ്പോലെയാക്കി. ആര്‍സിബിയുടെ പേസ് ത്രയങ്ങളായ ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ ഓരോവിക്കറ്റിനും താനല്ല ആര്‍സിബിയുടെ ക്യാപ്റ്റനെന്ന കാര്യം കോഹ്ലി മറന്നതായി തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്തോഷപ്രകടനം.

നായകന്റെ ആംബാന്റ് ധരിച്ചാലും ഇല്ലെങ്കിലും ആര്‍സിബിയുടെ ലീഡര്‍ ശരിക്കും കോഹ്ലിയാണ്. അദ്ദേഹം നിരന്തരം ഊര്‍ജ്ജം കാട്ടി. ആര്‍ സിബിയുടെ എല്ലാ തന്ത്രപരമായ നീക്കങ്ങളുടേയും കേന്ദ്രം അദ്ദേഹമായിരുന്നു. നിരന്തരം ബൗളര്‍മാരുടെ ചെവിയില്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഫീല്‍ഡര്‍മാര്‍ തെറ്റുവരുത്തുമ്പോള്‍ ഒരു അലര്‍ച്ച, ഒരു തുറിച്ചു നോട്ടം. ഒരു വാക്കുപോലും പറയാതെ തന്നെ കളിക്കാരുമായി നിരന്തരം ആശയവിനിമയം നടത്തി. കളിക്ക് വേണ്ടിയുള്ള ശാരീരികക്ഷമത എല്ലായ്‌പ്പോഴും നിലനിര്‍ത്താന്‍ പ്രയത്‌നിച്ചു.

കോഹ്ലിയെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിക്കാന്‍ മാത്രമല്ല, ഒരു ലക്ഷം കാണികളുടെ മുന്നില്‍ ഒരു ട്രോഫി നേടി വീണ്ടെടുപ്പ് നേടാനും ആര്‍സിബി ശക്തമായി ആഗ്രഹിക്കുന്നുണ്ട്. എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളുടെ ‘അവസാന നൃത്തം’ കാണാന്‍ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.