Sports

47 വര്‍ഷംമുമ്പ് ഇതേ ദിവസം പെലെ കൊല്‍ക്കത്തയില്‍ പന്തുതട്ടി ; സമനില പിടിച്ച് ഇന്ത്യന്‍ കളിക്കാര്‍

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഭ്രാന്തിന്റെ നഗരമായ കൊല്‍ക്കത്തയെ ‘ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്ക’ എന്ന് വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടിട്ട് ഇന്നേയ്ക്ക് 48 വര്‍ഷമായി. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ 47 വര്‍ഷം മുമ്പ് 1977 സെപ്റ്റംബര്‍ 24-ന് കൊല്‍ക്കത്തില്‍ ആദ്യമായി കളിക്കാന്‍ വന്നതും ഈ സമയത്തായിരുന്നു.

അന്ന് ന്യൂയോര്‍ക്ക് കോസ്മോസിനായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരത്തിനാണ് ഇന്ത്യയില്‍ എത്തിയത്. ഒരു കായിക വിനോദം എന്നതിലുപരി ഫുട്‌ബോള്‍ നിറഞ്ഞുനില്‍ക്കുന്ന കൊല്‍ക്കത്ത നഗരത്തില്‍ ആവേശം പൊട്ടി. ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകള്‍ നേടിയിട്ടുള്ള പെലെയെ ഒരു നോക്ക് കാണാന്‍ ആവേശത്തോടെ തെരുവുകള്‍ ആരാധകരാല്‍ നിറഞ്ഞിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ 80,000-ത്തിലധികം കാണികള്‍ നിറഞ്ഞു, കൂടാതെ നിരവധി പേര്‍ തെരുവുകളില്‍ അണിനിരന്നു. പെലെ തന്റെ കരിയറിന്റെ സായാഹ്നത്തിലായിരുന്നു. ആവേശകരമായ മത്സരമായിരുന്നു. ശ്യാം ഥാപ്പ, സുബ്രത ഭട്ടാചാര്യ തുടങ്ങിയ ഇന്ത്യന്‍ ഫുട്ബോള്‍ ഐക്കണുകളുടെ നേതൃത്വത്തിലുള്ള മോഹന്‍ ബഗാന്‍, താരനിബിഡമായ ന്യൂയോര്‍ക്ക് കോസ്മോസിനെ 2-2ന് സമനിലയില്‍ തളച്ചു.

പെലെ ഗോള്‍ നേടിയില്ലെങ്കിലും മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം കാണികളെ മയക്കി. പെലെയുടെ സന്ദര്‍ശനം കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.