Featured Myth and Reality

ഇതിൽ കുളിച്ചാൽ നിറയൗവ്വനം, മാറാരോഗങ്ങള്‍ മാറും, അനേകർ തേടിയ അദ്ഭുത ജലധാര!

യുവത്വം നല്‍കുന്നു എന്നതിനുപരി, മാറാരോഗങ്ങള്‍ പോലും മാറ്റുമെന്ന് കരുതപ്പെടുന്ന ഒരു അദ്ഭുതജലധാരയുണ്ട്. .’ഫൗണ്ടന്‍ ഓഫ് യൂത്ത്’എന്നാണ് ഈ ജലധാര അറിയപ്പെടുന്നത്. അരുവി, വെള്ളച്ചാട്ടം, കിണര്‍, കുളം എന്നിങ്ങനെ പല രീതികളിലാണ് ഈ ജലധാരയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ്വജലധാരയെ കുറിച്ച് പല കാലങ്ങളിലായി പലരും തിരച്ചില്‍ നടത്തിയിട്ടുണ്ട്. പലസംസ്‌കാരങ്ങളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.

ജപ്പാനിലെ ചില നാടോടിക്കഥകളില്‍ ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പറയുന്നുണ്ട്. 425 ബിസിയില്‍ ഗ്രീക്കുകാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് നടത്തിയ ഒരു പരാമര്‍ശമാണ് ഫൗണ്ടന്‍ ഓഫ് യൂത്ത്. പേര്‍ഷ്യന്‍ ചാരന്‍മാര്‍ മക്രോബിയന്‍സ് എന്ന ജനവിഭാഗത്തെ സന്ദര്‍ശിച്ച വേളയില്‍ ( ഇന്നത്തെ ഇത്യോപ്യ, സൊമാലിയ തുടങ്ങിയ രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയന്‍മാരുടെ രാജ്യം) അവിടെയെത്തിയ പേര്‍ഷ്യക്കാര്‍ അമ്പരന്നു പോയി. മക്രോബിയന്‍മാരില്‍ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ച പേര്‍ഷ്യക്കാരെ മക്രോബിയന്‍മാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതില്‍ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികള്‍ നിവര്‍ന്ന് അവരെല്ലാം സുന്ദരരായി മാറി. അങ്ങനെയാണ് ഫൗണ്ടന്‍ ഓഫ് യൂത്തിനെപ്പറ്റി പുറം ലോകം അറിയുന്നത്.

ഫൗണ്ടന്‍ ഓഫ് യൂത്തുമായി ചേര്‍ന്നുകേള്‍ക്കുന്ന ഏറ്റവും പ്രശസ്തമായ പേര് സ്പാനിഷ് പര്യവേക്ഷകനായ യുവാന്‍ പോണ്‍സ് ഡി ലിയോണിന്റേതാണ്. ക്രിസ്റ്റഫര്‍ കൊളംബസ് കരീബിയന്‍ മേഖലയിലേക്കു നടത്തിയ ആദ്യ കപ്പല്‍ യാത്രയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കരീബിയയിലെത്തിയ യുവാന്റെ അധീനതയില്‍ ബെമെനി എന്നൊരു ദ്വീപ് നല്‍കപ്പെട്ടിരുന്നു. ഫ്‌ലോറിഡയിലും അദ്ദേഹം പര്യവേക്ഷണങ്ങള്‍ നടത്തി. ഇതെല്ലാം ഫൗണ്ടന്‍ ഓഫ് യൂത്ത് തേടിയാണെന്ന് പില്‍ക്കാലത്ത് പ്രചാരണങ്ങളുണ്ടായി. എന്നാല്‍ അങ്ങനെയുള്ള ഒരു ചരിത്രരേഖകളും കണ്ടെത്തപ്പെട്ടിട്ടില്ല.