Featured Oddly News

ഭർത്താവിന്റെ മരണം പ്രവചിച്ച് ഭീഷണി, പീഡനം, 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി, ജ്യോതിഷി അറസ്റ്റിൽ

മുംബൈ: ആത്മീയതയുടെ മറവിൽ 35 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള പ്രമുഖ ജ്യോതിഷി അശോക് ഖാരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂജകളുടെ പേരിൽ 67-കാരനായ ഇയാൾ യുവതിക്ക് ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് ഇര പരാതിയിൽ പറയുന്നു. എന്നാൽ ഈ ക്രൂരത ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

റിട്ടയേർഡ് മർച്ചന്റ് നേവി ഓഫീസറായ ഖാരത്ത് സ്വയം ‘ക്യാപ്റ്റൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി സ്ത്രീകളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലഹരി നൽകി ഇയാൾ വശത്താക്കുമായിരുന്നു. ഭർത്താക്കന്മാർ മരിച്ചുപോകുമെന്നും മറ്റും ഭീഷണിപ്പെടുത്തിയും മന്ത്രവാദത്തിന്റെ പേരിൽ ഭയപ്പെടുത്തിയും ഇയാൾ സ്ത്രീകളെ പീഡിപ്പിച്ചിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു.

തന്റെ ഓഫീസിൽ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്ന ഖാരത്തിന്റെ പക്കൽ നിന്നും 58 സ്ത്രീകളുൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പോലീസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐ.പി.എസ് ഓഫീസർ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) സർക്കാർ രൂപീകരിച്ചിട്ടുണ്ട്. നാസിക്കിലെ ഒരു ആഡംബര മേഖലയിൽ ‘ഓക്കസ് പ്രോപ്പർട്ടി ഡീലേഴ്സ്’ എന്ന പേരിൽ ഒരു ഓഫീസ് നടത്തിയിരുന്ന ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ആരോപണമുണ്ട്.

ദിവ്യശക്തിയുള്ള ജ്യോതിഷിയായി സ്വയം ചമഞ്ഞ ഇയാൾക്ക് ഡൽഹിയിലും മഹാരാഷ്ട്രയിലും വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നു. സിന്നാർ താലൂക്കിലെ ഈശാനീശ്വർ ക്ഷേത്രത്തിന്റെ ട്രസ്റ്റ് ചെയർമാനായ ഇയാളെ കാണാൻ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും വ്യവസായികളും എത്താറുണ്ടായിരുന്നു. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇയാളുടെ ഫാംഹൗസിന് പുറത്ത് ‘കള്ളൻ കള്ളൻ’ എന്ന് ബഹളം വെച്ച് പ്രകോപനം സൃഷ്ടിച്ച ശേഷം അകത്തുകടന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. റെയ്ഡിൽ ഇയാളുടെ പക്കൽ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു.

സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *